വട്ടപ്പാറയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു; ജാഗ്രതാ നിര്‍ദേശം

മലപ്പുറം :മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് വാതകം ചോര്‍ന്നു കൊണ്ടിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശ വാസികളെ സ്ഥലത്തു നിന്നു മാറ്റാന്‍ തുടങ്ങിയതായി ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു. വാതക ചോര്‍ച്ച തടയാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിച്ചു.

അരകിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും, കൂട്ടം കൂടി നില്‍ക്കരുതെന്നും ആളുകള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചേളാരിയില്‍ നിന്നും കൊച്ചിയില്‍ നിന്നും ഉള്ള ഐഒസി അധികൃതര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മംഗലാപുരത്തും നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. അഗ്നിശമന സേനയുടെ തിരൂര്‍,പെരിന്തല്‍മണ്ണ,മലപ്പുറം യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ടാങ്കര്‍ ലോറിയുടെ ഡ്രൈവറെ നടക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

സംഭവത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശ്ശൂര്‍ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.