പ്രണയം എതിര്‍ത്ത പെണ്‍കുട്ടിയെ വെട്ടിയ യുവാവ് ബൈക്ക് മതിലിനിടിച്ച് മരിച്ചു

വിഴിഞ്ഞം : പ്രണയ അഭ്യര്‍ത്ഥന എതിര്‍ത്തതിന്റെ ദേഷ്യത്തില്‍ പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ച് ബൈക്കുമായി അമിത വേഗത്തില്‍ പോയ യുവാവിന്റെ ബൈക്ക് മതിലിനിടിച്ച് യുവാവ് മരിച്ചു. വെണ്ണിയൂര്‍ നെല്ലിവിള മാവിള വീട്ടില്‍ രാജന്റെയും പരേതയായ സുലോചനയുടെയും മകന്‍ രഞ്ജിത്ത് (കുട്ടന്‍ -24) ആണ് മരണപ്പെട്ടത്. വെട്ടേറ്റ് പരിക്കേറ്റ വെണ്ണിയൂര്‍ നെല്ലിവിള സ്വദേശിനി സബീന എസ് കുമാറിനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് സംഭവം നടക്കുന്നത്. കോളേജ് വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ നെല്ലിവിള റോഡില്‍ വെച്ച് ബൈക്കിലെത്തിയ രഞ്ജിത്ത് കയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പിറകില്‍ നിന്ന് കഴുത്തിന് വെട്ടുകയായിരുന്നു. ഇത് തടഞ്ഞ പെണ്‍കുട്ടിയുടെ കൈക്കും വെട്ടി. ഇതേ തുടര്‍ന്ന് കുഴഞ്ഞ് വീണ പെണ്‍കുട്ടിയെ ഓടികൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്നും അതിവേഗത്തില്‍ ബൈക്കുമായി കുതിച്ച രഞ്ജിത്തിന്റെ ബൈക്ക് കരിങ്കല്‍ മതിലില്‍ ഇടിക്കുകയായിരുന്നു. തലക്കും, മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ വിഴിഞ്ഞം പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇയാളുടെ പോക്കറ്റില്‍ നിന്നും വിഷം സൂക്ഷിച്ച കുപ്പിയും പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ വെട്ടിയശേഷം ആത്മഹത്യ ചെയ്യാനായിരിക്കാം യുവാവിന്റെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു.

എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിനിയായ സബീനയെ ഓട്ടോഡ്രൈവറായ രഞ്ജിത്ത് നിരന്തരം ശല്ല്യപ്പെടുത്തുകയും ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ഇയാളെ താക്കീത് ചെയ്തു വി്ട്ടിരുന്നു.