ടാങ്കര്‍ ലോറി സമരം തുടരുന്നു

Tanker-lorry-strikeകോഴിക്കോട്‌: പുതുക്കിയ ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ വിവിധ ജില്ലകളില്‍ ടാങ്കര്‍ ലോറി സമരം തുടരുന്നു. ടാങ്കര്‍ സമരത്തത്തെുടര്‍ന്ന് കൊച്ചി റിഫൈനറിയില്‍ നിന്നുള്ള ഇന്ധന നീക്കം നിലച്ചു. മൂന്ന് എണ്ണക്കമ്പനികളിലും ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറുകള്‍ സമരം ചെയ്യുകയാണ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ 10 ജില്ലകള്‍ ഇന്ധനക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. വിമാന ഇന്ധനനീക്കവും നിലച്ചു.
കഴിഞ്ഞ 24 വര്‍ഷമായി തുടരുന്ന സമ്പ്രദായങ്ങള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് കൊണ്ടുവന്ന പുതുക്കിയ ടെന്‍ഡര്‍ നടപടികളിലെ അപാകത ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം ശക്തമാക്കിയിരിക്കുന്നത്. പുതിയ ടെന്‍ഡറിലെ  വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ളെന്നു കരാറുകാര്‍ അറിയിച്ചു.  ട്രക്ക് ഉടമകളും തൊഴിലാളികളും ചേര്‍ന്ന് നടത്തുന്ന സമരം തുടര്‍ന്നാല്‍ സംസ്ഥാനത്തെ ഐ.ഒ.സി. പമ്പുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. നിലവില്‍ സ്വന്തമായി ടാങ്കറുകളുള്ള പെട്രോള്‍ പമ്പുകള്‍ മാത്രമാണ് ഇന്ധനം കൊണ്ടുപോകുന്നത്.
ഫറോക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ (ഐ.ഒ.സി) ഫറോക്ക് ഡിപ്പോയില്‍ ശനിയാഴ്ച രാവിലെ അനിശ്ചിതകാല ടാങ്കര്‍ ലോറി സമരം തുടങ്ങി. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നീ സംയുക്ത യൂനിയനുകളുടെ ആഹ്വാനപ്രകാരം 200ഓളം ടാങ്കര്‍ ലോറികളാണ് സമരരംഗത്തുള്ളത്. ടാങ്കര്‍ ലോറി ഓണേഴ്സ് അസോസിയേഷന്‍, കോഴിക്കോട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍, സംയുക്ത തൊഴിലാളി യൂനിയന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സമരം.
സമരത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ളെങ്കില്‍ കോഴിക്കോട് ജില്ലക്കു പുറമെ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലും ഇന്ധനക്ഷാമം രൂക്ഷമാകും. അതേസമയം, വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഇടപെട്ടിട്ടില്ല.