വായ്പാ പലിശയില്‍ കെ. എഫ്. സി ഇളവ്   നല്‍കും-മന്ത്രി ഡോ. ടി. എം. തോമസ് ഐസക് 

പുതിയതായി നല്‍കുന്ന വായ്പകളില്‍ കെ. എഫ്. സി ഇളവ് അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി ഡോ.ടി. എം. തോമസ് ഐസക് പറഞ്ഞു. കെ. എഫ്.സി ബിസിനസ് കോണ്‍ക്ലേവിന്റെ ഭാഗമായി നടത്തിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പലിശ നിരക്ക് കുറച്ചാല്‍ മാത്രമെ സംരംഭകരെ ആകര്‍ഷിക്കാനാവൂ. അതുകൊണ്ട് 16 ശതമാനം പലിശ എന്ന നിലവിലെ ഘടനയ്ക്ക് മാറ്റം വരുത്തി 10, 12 ശതമാനമായി കുറവു വരുത്തും. എന്നാല്‍ മാത്രമേ കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കാന്‍ കഴിയൂ. വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ കൃത്യമായ വിവരങ്ങള്‍ പരിശോധിച്ച ശേഷമെ അനുവദിക്കാവൂ. അന്വേഷണം നടത്താതെ വായ്പകള്‍ നല്‍കിയാല്‍ തിരിച്ചടവില്ലാതെ കിട്ടാക്കടം വര്‍ധിക്കും. അത് സര്‍ക്കാരിന് ബാധ്യതയാവും. കിട്ടാക്കടം സംബന്ധിച്ച കുറെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും ഇനി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
കെ.എഫ്.സി മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് കൗശിക്ക് അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ ജഡ്ജി സതീഷ് ചന്ദ്രബാബു ആശംസ നേര്‍ന്നു. ജനറല്‍ മാനേജര്‍മാരായ പ്രേംനാഥ് രവീന്ദ്രനാഥ് സ്വാഗതവും മുസ്താഖ് അഹമ്മദ് നന്ദിയും പറഞ്ഞു. ബിസിനസ് കോണ്‍ക്ലേവ് ഇന്ന്  (മെയ് 9) ഉച്ചയ്ക്ക് 12ന്  മസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി ഡോ.ടി. എം. തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. അദാലത്തില്‍ 300 ഓളം സംരംഭകര്‍ പങ്കെടുത്തു.