ലണ്ടനില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന് പിടിച്ച് മരണം 6;നിരവധിപേര്‍ക്ക് പരിക്ക്‌

Story dated:Thursday June 15th, 2017,10 55:am

ലണ്ടന്‍ :പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫല്‍ ടവറില്‍ വന്‍ തീപിടിത്തം.  ചൊവ്വാഴ്ച അര്‍ധരാത്രിയിലുണ്ടായ തീപിടിത്തത്തില്‍ കെട്ടിടം മുഴുവനായി കത്തിയമര്‍ന്നു. ആറുപേരുടെ മരണം സ്ഥിരീകരിച്ചതായി ലണ്ടന്‍ പൊലീസ് അറിയിച്ചു. അമ്പതോളം പേരെ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന അഗ്നിശമന സേനാവിഭാഗം അറിയിച്ചു.

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടോടെയാണ് വടക്കന്‍ കെന്‍സങ്ടണിലെ 24 നില കെട്ടിടത്തിന് തീപിടിച്ചത്. രണ്ടാംനിലയില്‍നിന്നാണ് തീപടര്‍ന്നതെന്ന് കരുതുന്നു. നാല്‍പതോളം അഗ്നിശമനസേനാവാഹനങ്ങളും 200ഓളം സുരക്ഷാ ഉദ്യോഗസ്ഥരുംചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടം തകര്‍ന്നുവീഴാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ കെട്ടിടങ്ങളിലുള്ളവരെയും ഒഴിപ്പിച്ചു. അപകടത്തെതുടര്‍ന്ന് എ-40 ദേശീയപാത അടച്ചു. നിരവധി പേരെ കാണാതായതിനെത്തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലടക്കം ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

ഒരുമാസത്തിനിടെ ലണ്ടന്‍ നഗരം നേരിടുന്ന മൂന്നാമത്തെ ദുരന്തമാണ് ഗ്രെന്‍ഫെല്‍ ടവറിലേത്. ഇക്കഴിഞ്ഞ നാലിന് തെംസ് നദിക്ക് കുറുകെയുള്ള ലണ്ടന്‍ പാലത്തില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഭീകരര്‍ വാന്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. മെയ് 22ന് മാഞ്ചസ്റ്റര്‍ അരീനയില്‍ സംഗീതപരിപാടിക്കിടെ ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു.