ചങ്ങരംകുളത്ത് കസ്റ്റഡിയിലെടുത്ത യുവതി സ്റ്റേഷനില്‍ മരിച്ച നിലയില്‍

deathചങ്ങരംകുളം: ചങ്ങരംകുളത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാളൂര്‍ സ്വദേശിനി ഹനീഷ(28) ആണ് മരിച്ചത്. ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.

എടിഎം കാര്‍ഡും, സ്വര്‍ണ്ണവും കവര്‍ന്ന കേസിലാണ് ചങ്ങരം കുളം പോലീസ് ഹനീഷയെ കസ്റ്റഡിയിലെടുത്തത്. മൃതദേഹം എടപ്പാള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മാണൂരിലെ കൊടുകാട്ടില്‍ ഹൗസില്‍ പരേതനായ സൈനുദ്ദീന്‍ എന്ന ബാവയുടെയും സുബൈദയുടെയും മകളാണ് ഹനീഷ.

ബസ് യാത്രക്കിടെ യാത്രക്കാരിയുടെ 10 പവന്‍ സ്വര്‍ണ്ണവും എടിഎം കാര്‍ഡും മോഷ്ടിച്ച കേസിലാണ് അനീഷയെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. കാണാതായ എടിഎം കാര്‍ഡ് ഉപയോഗിച്ച് എടപ്പാളിലെ ഒരു എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിച്ചതായി എടിഎം നഷ്ടപ്പെട്ടാള്‍ക്ക് ഒരു മെസേജ് വന്നതോടെ ഈ വിവരം പോലീസിലറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒരു ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അനീഷയാണ് ഈ എടിഎം കാര്‍ഡ് നല്‍കി പണം പിന്‍വലിപ്പിച്ചതെന്ന് വ്യക്തമായത്. തനിക്ക് എടിഎമ്മില്‍നിന്നും പണം എടുക്കാന്‍ അറിയില്ലെന്നും തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ഡ്രൈവര്‍ പണം എടുത്തത്. ഇതെ തുടര്‍ന്നാണ് അനീഷയെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ വനിതാ പോലീസ് ബാത്ത് റൂമില്‍ പോയ സമയത്ത് അനീഷ വനിതകളുടെ മുറിയിലെ ഫാനില്‍ കെട്ടിതൂങ്ങിയതാണെന്ന് പോലീസ് പറയുന്നു.

സംഭവസ്ഥലത്ത് ആര്‍ഡിഒയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്.

സംഭവത്തില്‍ ചങ്ങരംകുളം പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ തിലകന്‍, പോലീസുകാരായ ഗരീഷ്, ലതിക എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.