മദ്യം വാങ്ങാന്‍ 21 തികയണം;തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

barതിരു: മദ്യഷോപ്പുകളില്‍ നിന്നും ബാറുകളില്‍ നിന്നും മദ്യം 21 വയസ്സുകഴിഞ്ഞവര്‍ക്കുമാത്രമെ വില്‍ക്കാവൂവെന്നും മദ്യം വാങ്ങുന്നവര്‍ പ്രായം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്നും മദ്യ നയത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍. മദ്യം വാങ്ങിയ ബില്ലില്‍ തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഈ ബില്ലില്‍ വാങ്ങുന്നയാളുടെ ഒപ്പോ വിരലടയാളമോ നിര്‍ബന്ധമായും പതിപ്പിക്കണമെന്നും കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

ത്രീസ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് മാത്രമെ കുറഞ്ഞത് ലൈസന്‍സ് നല്‍കാവൂ എന്നും കമ്മീഷന്‍. ചില ബാറുകള്‍ക്ക് കള്ളുഷാപ്പുകളുടെ നിലവാരം പോലുമില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. ബാറുകള്‍ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ബാര്‍ലൈസന്‍സ് നല്‍കരുത്. ബാറുകളുടെ പ്രവര്‍ത്തന സമയം 11.30 മുതല്‍ രാത്രി 10 മണി വരെയാക്കണം. കള്ളുഷാപ്പുകള്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിച്ചാല്‍ മതിയെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സമ്പൂര്‍ണ മദ്യനിരോധനം എന്നത് പ്രായോഗികമല്ലെന്നും അതുകൊണ്ടു തന്നെ വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ബിയര്‍,വൈന്‍,കള്ള് തുടങ്ങിയവയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ എക്‌സൈസ് വകുപ്പും സര്‍ക്കാരും അലംബാവം തുടരുകയാണ്.