പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന് മദ്യം വിറ്റു; ബിവറേജസ് ജീവനക്കാര്‍ അറസ്റ്റില്‍

ആലപ്പുഴ : ബിവറേജസ് കോര്‍പ്പറേഷന്‍ ഷോപ്പ് മാനേജരെയും, സെയില്‍സ്മാനെയും പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന് മദ്യം വിറ്റതിന് എക്‌സെസസ് സംഘം അറസ്റ്റ് ചെയ്തു.

മുല്ലക്കല്‍ എസ് എല്‍ 4008 ഷോപ്പ് മാനേജര്‍ സുരേഷ്, സെയില്‍സ്മാന്‍ ജയപാലന്‍ എന്നിവരാണ് അറസ്റ്റിലായത്. പിന്നീട് എവരെ ജാമ്യത്തില്‍ വിട്ടു.

നഗരത്തിലെ വില്പനശാലകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വ്യാപകമായി മദ്യം വാങ്ങി ഉപയോഗിക്കുന്നതും വില്‍ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ എക്‌സൈസ് സംഘം കട നടത്തിപ്പുക്കാര്‍ക്ക് താക്കീത് നല്‍കിയിരുന്നു.

വില്പനശാലകള്‍ നിരീക്ഷണത്തിലുമായിരുന്നു. വ്യാഴാഴ്ച 18 കാരന് മദ്യം വില്‍ക്കുമ്പോള്‍ ആലപ്പുഴ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 21 വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് നിയമവിരുദ്ധമാണ്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിപി അനൂപ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ്, സാനു എന്നിവരെയും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.