ഇനി അമ്മ വേഷങ്ങള്‍ ചെയ്യില്ലെന്ന് ലെന

lena-10ഇനി അമ്മ വേഷം ചെയ്യാനില്ലെന്ന് നടി ലെന തീരുമാനിച്ചു. ജയസൂര്യയുടെയും ദുല്‍ക്കര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയുമൊക്കെ അമ്മയായി അഭിനയിച്ചതോടെ ലെനയെ തേടി എത്തുന്നതെല്ലാം അമ്മ വേഷങ്ങള്‍ തന്നെ. അതോടെ ഇനി അമ്മ വേഷം ചെയ്യേണ്ടെന്നാണ് ലെനയുടെ തീരുമാനം.

സുരേഷ് ഗോപിയുടെ നായികയായി സിനിമയിലെത്തിയ ലെനയ്ക്ക് അടുത്തിടെ നല്ല വേഷങ്ങളാണു ലഭിക്കുന്നത്. ന്യൂജനറേഷന്‍ കാലത്ത് ഏറ്റവും അധികം ശ്രദ്ധേയ വേഷം ലഭിച്ചതും ലെനയ്ക്കു തന്നെ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ വേഷങ്ങളായിരുന്നു.

അതിനിടെയാണ് ജയസൂര്യ നായകനായ ഹാപ്പി ജേര്‍ണിയില്‍ അമ്മവേഷം ലഭിക്കുന്നത്. ഇത്രയും വലിയ താരങ്ങളുടെ അമ്മ വേഷം ചെയ്യാന്‍ വിളിച്ചപ്പോള്‍ ചാലഞ്ചിങ്ങായി തോന്നി. അങ്ങനെ ചെയ്തു.

പിന്നീട് ദുല്‍ക്കര്‍ സല്‍മാന്റെ അമ്മയായി വിക്രമാദിത്യനിലേക്കു വിളിച്ചു. അതും ഗംഭീരമാക്കി. അതിനു പിന്നാലെയാണ് പൃഥ്വിരാജ് നായകനാകുന്ന എന്നു നിന്റെ മൊയ്തീനിലേക്കു വിളിക്കുന്നത്.

പൃഥ്വിയുടെ അമ്മ വേഷവും ചാലഞ്ചിങ്ങായി ഏറ്റെടുത്തു. ഇങ്ങനെ തുടര്‍ച്ചയായി അമ്മ വേഷം ചെയ്തപ്പോള്‍ ലഭിക്കുന്നതെല്ലാം അമ്മ വേഷങ്ങള്‍ തന്നെ. അതോടെ അമ്മ വേഷങ്ങള്‍ തല്‍ക്കാലം ചെയ്യേണ്ടെന്നു തീരുമാനിച്ചിരിക്കുകയാണ് താരം.