ഭൂമി കൈയേറിയിട്ടില്ല;തനിക്കെതിരെ ഗൂഢാലോചന;തോമസ് ചാണ്ടി

തിരുവനന്തപുരം: താന്‍ കായല്‍ ഭൂമി കൈയേറിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. ഒരു സെന്റ് ഭൂമി പോലും കൈയേറിയിട്ടില്ലെന്നും തോമസ് ചാണ്ടി. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കലക്ടര്‍ ഇപ്പോള്‍ സമര്‍പ്പിച്ചിട്ടുള്ളത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അദേഹം പറഞ്ഞു. തന്നെ വിളിക്കുമ്പോള്‍ ഇവയ്‌ക്കെല്ലാം രേഖകള്‍ ഹാജരാക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

മാര്‍ത്താണ്ഡം കായലില്‍ നിലം നികത്തിയെന്നത് തെറ്റിദ്ധാരണയാണ്. കരഭൂമിയായി തീറാധാരമുളളതും നികത്താവുന്നതുമായ സ്ഥലമാണ് നികുത്തിയിരിക്കുന്നതെന്നും. മൂന്നേക്കര്‍ പത്ത് സെന്റ് ഭൂമിയാണ് തനിക്കുള്ളതെന്നും ഇതില്‍ ഒരു മീറ്റര്‍ വഴി അവിടെ സര്‍ക്കാറിന്റെതായിട്ടുണ്ടെന്നും അത് എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള വഴിയില്‍ മണ്ണിട്ട് നികത്തുക മാത്രമാണ് ചെയ്തത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ആ മണ്ണ് നീക്കിക്കൊടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. മാത്തൂര്‍ ദേവസ്വം ഭൂമി കൈയേറിയിട്ടില്ല. അത് ഒരാളില്‍ നിന്നും പണം നല്‍കി വാങ്ങിയതാണ്. വര്‍ഷങ്ങളായി അവിടെ കൃഷി നടത്തിവരികയാണ്.

ആലപ്പുഴ മുന്‍സിപ്പാലിറ്റിയിലെ ഫയല്‍ കാണാതായതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഫയല്‍ സൂക്ഷിക്കുന്നത് താനെല്ലെന്നായിരുന്നു അദേഹത്തിന്റെ മറുപടി.

തനിക്ക് നേരെ ഉയര്‍ന്നിരിക്കുന്ന ഈ ആരോപണങ്ങളുടെ പേരില്‍ രാജി വയ്‌ക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles