ഭൂമി ഇടപാട്; എളമരം കരീം ഇടനിലക്കാരനായിരുന്നു; പോലീസ്

downloadകൊച്ചി: ഭൂമി ഇടപാടുകളില്‍ ബന്ധു നൗഷാദിന്റെ ഇടനിലക്കാരനായിരുന്നു എളമരം കരീം എന്ന് പോലീസ് റിപ്പോര്‍ട്ട്. കരീമിന്റെ ഉറപ്പിന്മേലാണ് ഭൂമി ഇടപാടുകള്‍ നടന്നതെന്നും കൊടുവള്ളി പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ പങ്കാളിത്തത്തോടെ ക്രഷര്‍ യൂണിറ്റ് തുടങ്ങാമെന്നും എളമരം തട്ടിപ്പിന് ഇരയായവരോട് നിര്‍ദേശിച്ചെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ശിവരാജന്‍, മൊയ്തീന്‍ കുട്ടി ഹാജി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കോഴിക്കോട് ഭൂമിതട്ടിപ്പിന്റെ ഇരകള്‍ സിപിഐഎം നേതാവ് എളമരം കരീമിനെ കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ബന്ധു നൗഷാദിന്റെ ഭൂമി തട്ടിപ്പിനിരയായവര്‍ എളമരം കരീമുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. എളമരം കരീമിന്റെ പേരു പറഞ്ഞാണ് തട്ടിപ്പു നടത്തിയതെന്നും താങ്കളെ വിശ്വസിച്ചാണ് ഭൂമി നല്‍കിയതെന്നും പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തേണ്ടെന്നായിരുന്നു കരീം പറഞ്ഞത്. മുപ്പതിലധികം തവണ കരീമിനെ കണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു.

എളമരം കരീമിന്റെ ബന്ധു വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ തുടക്കത്തില്‍ മധ്യസ്ഥം വഹിച്ച സിപിഐഎം ജില്ലാ നേതൃത്വം പിന്നീട് തങ്ങളെ കൈയൊഴിഞ്ഞെന്നാണ് പാര്‍ട്ടി അംഗങ്ങളും അനുഭാവികളും വ്യക്തമാക്കിയിരിക്കുന്നത്.