അഴിമതി ആരോപണം;ലാലു പ്രസാദ് യാദവിന്റെ വീടുകളില്‍ സിബിഐ റെയ്ഡ്

ദില്ലി: അഴിമതി ആരോപണത്തില്‍ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിന്റെ വീടുകളില്‍ റെയ്ഡ്. സംഭവത്തില്‍ ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2004-09 കാലഘട്ടത്തില്‍ ഐആര്‍സിടിസിയുടെ ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉണ്ടായിരിക്കുന്നത്.

കേസില്‍ ഡല്‍ഹി, പട്‌ന, റാഞ്ചി, പുരി, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ ലാലുവിന്റെയും ബന്ധുക്കളുടെയും വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും സിബിഐ റെയ്ഡ് നടത്തുകയാണ്.

കാലിത്തീറ്റ കുംഭകോണ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലാലുപ്രസാദിനെ ലോക്‌സഭയില്‍ അയോഗ്യനാക്കിയിരുന്നു. കഴിഞ്ഞദിവസം ലാലുവിന്റെ മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതിയെ 1000 കോടി രൂപയുടെ ബിനാമി കേസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.