ലളിത്‌ മോദിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ നടപടി ശക്തമാക്കുന്നു

369188-lalitmodiദില്ലി: ലളിത്‌ മോദിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ നടപടി ശക്തമാക്കാനൊരുങ്ങുന്നു. ലളിത്‌ മോദിയുള്‍പ്പെടുന്ന സാമ്പത്തിക തട്ടിപ്പ്‌ കേസില്‍ തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഏജന്‍സിക്ക്‌ മുന്നില്‍ ഹാജരാകാന്‍ കര്‍ശനമായി നിര്‍ദേശം നല്‍കാന്‍ ഒരുങ്ങുകയാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌. ഇതിനുവേണ്ടി രണ്ടാമത്തേയും അവസാനത്തേതുമായ സമന്‍സ്‌ ദിവസങ്ങള്‍ക്കുള്ളില്‍ ഏജന്‍സി പുറപ്പെടുവിക്കും.
ഇന്ത്യയിലെ മോദിയുടെ ഓഫീസുകളിലേക്കായിരിക്കും സമന്‍സ്‌ അയക്കുക. സമന്‍സ്‌ ഇമെയില്‍ വഴിയോ സഹായികള്‍ വഴിയോ ആയിരിക്കില്ല കൈമാറുക. മറിച്ച്‌ പത്രങ്ങളിലൂടെ പ്രസിദ്ധീകരിക്കാനാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ശ്രമിക്കുന്നത്‌. എന്നാല്‍ നേരത്തെ അയച്ച സമന്‍സിന്‌ മോദിയില്‍ നിന്നും മറുപടിയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ തനിക്ക്‌ നേരത്തെ സമന്‍സൊന്നും ലഭിച്ചിട്ടില്ലെന്നും താന്‍ ലണ്ടനിലാണ്‌ കഴിയുന്നതെന്ന്‌ അവര്‍ക്ക്‌ അറിയാമെന്നും സമന്‍സിനായി താന്‍ കാത്തിരിക്കുകയാണെന്നും കഴിഞ്ഞ ജൂലൈ ആറിന്‌ ട്വിറ്ററിലൂടെ ലളിത്‌ മോദി പ്രതികരിച്ചിരുന്നു.

മോദിക്ക്‌ തന്റെ നിരപരാതിത്വം വ്യക്തമാക്കാനുള്ള രണ്ടാമത്തേതും അവസാനത്തെതുമായ അവസരമാണിതെന്നാണ്‌ ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന സൂചന. 14 ഓളം വിവരങ്ങളാണ്‌ ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്‌.