ലാല്‍ ജോസും മോഹന്‍ലാലും ഒടുവില്‍ ഒന്നിക്കുന്നു

mohanlal-lal-jose.jpg.image.784.410നീണ്ട കാത്തിരിപ്പിന് ശേഷം അത് സംഭവിയ്ക്കുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്യന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ചിത്രത്തിനായി ലാല്‍ ജോസ് ആന്റണി പെരുമ്പാവൂരില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയെന്നാണ് അറിയുന്നത്. സിനിമയുടെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ തുടങ്ങി വരികയാണെന്നും വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ലാല്‍ ജോസ് പറഞ്ഞു.

ഒന്നരപ്പതിറ്റാണ്ടുകളായി ലാല്‍ ജോസ് മലയാള സിനിമാ ലോകത്ത് സംവിധായകനായി എത്തിയിട്ട്. ഇതുവരെ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആയ മോഹന്‍ലാലിനൊപ്പം ലാല്‍ ജോസിന് ഒരു സിനിമ ചെയ്യാന്‍ സാധിച്ചിട്ടില്ല. ലാലിനെ സംതൃപ്തി പെടുത്തുന്ന ഒരു തിരക്കഥയുണ്ടാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഇതേ സംബന്ധിച്ച് ലാല്‍ ജോസ് പറഞ്ഞത്.

പലപ്പോഴും ശ്രമങ്ങള്‍ നടന്നിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൃഥ്വിരാജിനെയും മോഹന്‍ലാലിനെയും മുഖ്യവേഷത്തിലെത്തിച്ച് കസിന്‍സ് എന്നൊരു ചിത്രത്തിന്റെ ജോലി തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് പല കാരണങ്ങള്‍ കൊണ്ടും അത് മുടങ്ങി.