പ്രാര്‍ത്ഥനകളുടെ നിലാവൊഴുകിയ ഇരുപത്തേഴാം രാവ്

മലപ്പുറം: ഇരുപത്തിയേഴാം രാവിന്റെ പുണ്യംതേടി വിശ്വാസികള്‍ പള്ളികളില്‍ പ്രാര്‍ത്ഥനയും നമസ്‌ക്കാരവുമായി കൂടുതല്‍ സമയം ചിലവഴിച്ചു.

റംസാന്‍ വ്രതാനുഷ്ഠാനത്തിന്റെ അവസാന പത്തിലെ ഇരുപത്തേഴാംരാവ് ഏറെ പുണ്യം നിറഞ്ഞ ദിനമാണെന്ന് വിശ്വാസികള്‍ കരുതുന്നു. ലൈലത്തുള്‍ഖദര്‍(നിര്‍ണയത്തിന്റെ രാവ്) എന്നാണ് ഈ ദിനത്തെ പറയുക. മുഏഹമ്മദ് നബി(സ) ഹിറാ ഗുഹയില്‍ ഏകനായി വസിക്കുമ്പോള്‍ ഈ രാവിലാണ് ഖുര്‍ആന്‍ അവതരിച്ചത് എന്ന് വിശ്വാസികള്‍ കരുതുന്നു. മലക്കുകളുടെ നേതാവായ ജിബിരീലിന്റെ നേതൃത്വത്തില്‍ കാരുണ്യത്തിന്റെ മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന് വിശ്വാസികളക്ക് അനുഗ്രഹങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഈ ദിനത്തില്‍ വിശ്വാസികള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബറിടങ്ങളിലെത്തി ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു.

വലിയ തിരക്കാണ് ഇന്നലെ പളളികളില്‍ അനുഭവപ്പെട്ടത്. മലബാറില്‍ ഇരുപത്തിയേഴാം രാവിനോടനുബന്ധിച്ച് വീടുകളില്‍ പ്രത്യേകം പലഹാരങ്ങളും മറ്റും തയ്യാറാക്കിയിരുന്നു.

Related Articles