പുതിയ വോട്ടര്‍മാര്‍ 22391; സ്‌ത്രീകള്‍ കുറവ്‌

2009041751930301_82377eമലപ്പുറം: ജില്ലയില്‍ ലോക്‌സഭാ-നിയമസഭാ വോട്ടര്‍പട്ടികയില്‍ പുതുതായി പേര്‌ ചേര്‍ത്തത്‌ 22391 പേര്‍. ഇതില്‍ 11888 പേര്‍ പുരുഷന്‍മാരാണ്‌. നവംബര്‍ 17 വരെയുള്ള കണക്കാണിത്‌. നവംബര്‍ 25 വരെയാണ്‌ പുതുതായി വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ അവസരമുള്ളത്‌. പുതുതായി പേര്‌ ചേര്‍ത്തവരില്‍ 9500 പേര്‍ 18നും 19 നുമിടയില്‍ പ്രായമുള്ളവരാണ്‌. സ്‌ത്രീ- പുരുഷ വ്യത്യാസം കൂടുതലും ഈ വിഭാഗങ്ങള്‍ക്കിടയിലാണ്‌. 18നും 19നും ഇടയില്‍ 6102 പുരുഷന്‍മാരും 3398 സ്‌ത്രീകളുമാണ്‌ പട്ടികയില്‍ പേര്‌ ചേര്‍ത്തത്‌. എന്നാല്‍ 20നും 29നും ഇടയില്‍ പുതുതായി പേര്‌ ചേര്‍ത്തതില്‍ സ്‌ത്രീകളാണ്‌ കൂടുതല്‍. 4541 പുരുഷന്‍മാരും 6592 സ്‌ത്രീകളുമാണ്‌ പേര്‌ ചേര്‍ത്തത്‌.
30നും 49നുമിടയില്‍ 2208 പുരുഷന്‍മാരും 2025 സ്‌ത്രീകളും പുതുതായി പേര്‌ ചേര്‍ത്തു. 50 വയസ്സിന്‌ മുകളില്‍ 1527 പുരുഷന്‍മാരും 539 സ്‌ത്രീകളുമാണ്‌ പുതുതായി പട്ടികയില്‍ ഇടം നേടിയത്‌.
തിരൂര്‍ മണ്‌ഡലത്തിലാണ്‌ കൂടുതല്‍ വോട്ടര്‍മാരെ ചേര്‍ത്തിട്ടുള്ളത്‌. 2045 വോട്ടര്‍മാരാണ്‌ തിരൂരില്‍ പുതുതായി പട്ടികയിലിടം നേടിയത്‌. ഇതില്‍ 1082 പുരുഷന്‍മാരും 963 സ്‌ത്രീകളുമാണ്‌. വണ്ടൂര്‍, പൊന്നാനി മണ്‌ഡലങ്ങളില്‍ മാത്രമാണ്‌ പുരുഷ വോട്ടര്‍മാരേക്കാള്‍ സ്‌ത്രീ വോട്ടര്‍മാര്‍ കൂടുതലള്ളുത്‌. വണ്ടൂര്‍ മണ്‌ഡലത്തില്‍ 789 പുരുഷന്‍മാരെയും 801 സ്‌ത്രീകളുയുമാണ്‌ പുതുതായി ചേര്‍ത്തത്‌. പൊന്നാനിയില്‍ ഇത്‌ 729ഉം 732 ഉം ആണ്‌.
സ്‌ത്രീ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്‌ ജില്ലയില്‍ പ്രത്യേക കാംപയ്‌ന്‍ നടത്തുന്നുണ്ട്‌. കുടുംബശ്രീ, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാലയങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ കാംപയ്‌ന്‍ നടത്തുക. നവംബര്‍ 23ന്‌ താലൂക്ക്‌ – വില്ലേജ്‌ ഓഫീസുകളില്‍ പ്രത്യേക കാംപയ്‌നും നടത്തുന്നുണ്ട്‌. വോട്ടര്‍പട്ടികയിലെ സ്‌ത്രീ – പുരുഷ അന്തരം കുറയ്‌ക്കുന്നതിന്‌ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളും പൊതുജനങ്ങളും ശ്രദ്ധിക്കണമെന്ന്‌ ജില്ലാ കലക്‌റ്റര്‍ അറിയിച്ചു.
പേര്‌ ചേര്‍ക്കേണ്ടതെങ്ങനെ ?
ഓണ്‍ലൈനായാണ്‌ പേര്‌ ചേര്‍ക്കേണ്ടത്‌. ഇന്റര്‍നെറ്റ്‌ സൗകര്യമുള്ള കംപ്യൂട്ടര്‍, കഫേ, അക്ഷയ സെന്റര്‍, താലൂക്ക്‌ – വില്ലേജ്‌ ഓഫീസുകള്‍, കലക്‌റ്ററേറ്റ്‌ എന്നിവിടങ്ങളിലെത്തിയാല്‍ പേര്‌ ചേര്‍ക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി പേര്‌ ചേര്‍ക്കുന്നതിന്‌ 25 രൂപ ഫീസ്‌ നല്‍കണം. ceo.kerala.gov.in/eregistration ലാണ്‌ പേര്‌ ചേര്‍ക്കേണ്ടത്‌. ബൂത്ത്‌ ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തി രേഖകള്‍ പരിശോധിക്കും. വയസ്സ്‌, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ബൂത്ത്‌ ലെവല്‍ ഓഫീസര്‍മാര്‍ക്ക്‌ പരിശോധനക്ക്‌ നല്‍കണം. എസ്‌.എം.എസ്‌ വഴി അപേക്ഷയുടെ പുരോഗതി അറിയിക്കും.