ബലാത്സംഗ ഇരയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് സുപ്രീംകോടതിയുടെ അനുമതി

ന്യൂഡല്‍ഹി :ബലാത്സംഗത്തിന് ഇരയായ യുവതിക്ക് 24 ആഴ്ചയായ ഭ്രൂണം അലസിപ്പിക്കാന്‍  സുപ്രീംകോടതിയുടെ അനുമതി. 20 ആഴ്ച കഴിഞ്ഞ ഭ്രൂണം ഇല്ലാതാക്കാന്‍, 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി (എംടിപി) ആക്ട് പ്രകാരം അനുമതിയില്ലാത്തതിനെത്തുടര്‍ന്നാണ് മുംബൈ സ്വദേശിനി സുപ്രീംകോടതിയെ സമീപിച്ചത്. ഭ്രൂണത്തിന്റെ വളര്‍ച്ച അമ്മയുടെ ജീവന് ഭീഷണിയാണെന്ന മുംബൈ കിങ് എഡ്വാര്‍ഡ് മെമ്മോറിയല്‍ മെഡിക്കല്‍കോളേജ് ആശുപത്രി മെഡിക്കല്‍ബോര്‍ഡിന്റെ ശുപാര്‍ശപ്രകാരം ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുകയാണെന്ന് ജസ്റ്റിസ് ജെ എസ് കെഹര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തതിനെത്തുടര്‍ന്നാണ് യുവതി ഗര്‍ഭിണിയായത്.ഭ്രൂണത്തിന് അനെന്‍സിഫാലിയെന്ന ഗുരുതരമായ രോഗമുണ്ടെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. മസ്തിഷ്കവും തലയോട്ടിയും വളരാത്ത അവസ്ഥയാണിത്. കരളും ആമാശയവും ശരീരത്തിനു പുറത്താണ് വളരുന്നതെന്നും വ്യക്തമായി. എംടിപി ആക്ടിലെ മൂന്ന് (2) (ബി) വകുപ്പ് പ്രകാരം, അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് ഭീഷണിയുണ്ടെങ്കില്‍പ്പോലും 20 ആഴ്ചയില്‍ കൂടുതല്‍ വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുള്ളതിനാല്‍ ഡോക്ടര്‍മാര്‍ ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചു. യുവതിയുടെ ആരോഗ്യനില വഷളാകുന്നതിനാല്‍ ഹര്‍ജി പെട്ടെന്ന് പരിഗണിക്കണമെന്ന് അഭിഭാഷകര്‍ വാദിച്ചു.

എംടിപി ആക്ടിന്റെ ഭരണഘടനാപരമായ സാധുതയും യുവതി ഹര്‍ജിയില്‍ ചോദ്യംചെയ്തു. പ്രതിവര്‍ഷം രാജ്യത്തുണ്ടാകുന്ന രണ്ടരക്കോടിയിലധികം പ്രസവങ്ങളില്‍ രണ്ടു മുതല്‍ മൂന്ന് ശതമാനംവരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള കുഞ്ഞുങ്ങളുടേതാണ്. നിയന്ത്രണം ഭരണഘടന വാഗ്ദാനംചെയ്യുന്ന തുല്യത അവകാശത്തിന്റെ ലംഘനവുമാണെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാണിച്ചു. എന്നാല്‍, ഗര്‍ഭച്ഛിദ്രത്തിന്റെ ദുരുപയോഗം തടയാനാണ് നിയന്ത്രണമെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ മുകുള്‍റോഹ്തഗിയുടെ വാദം.ചില കര്‍ശനനിയന്ത്രണങ്ങള്‍ ഒഴിവാക്കി പുതിയ ഗര്‍ഭച്ഛിദ്രനിയമം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.