ചെമ്മാട്‌ യുവതിയെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

deathതിരൂരങ്ങാടി: യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മാട്‌ എക്‌സ്‌ചേഞ്ച്‌ റോഡിലെ കൃഷ്‌ണപ്പറമ്പന്‍ മുഹമ്മദ്‌ റാഷിദിന്റെ ഭാര്യ റഹീന(23)യെയാണ്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിച്ച്‌ പോലീസ്‌ കാവലേര്‍പ്പെടുത്തിയിരുന്നു.

ചൊവ്വാഴ്‌ച വൈകീട്ടാണ്‌ റഹീനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. ബുധനാഴ്‌ച രാവിലെ ആര്‍.ഡി ഒ യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ്‌ നടത്തി. മൃതദേഹം ഫോറന്‍സിക്‌ വിഭാഗവും, വിരലടയാള വിദഗ്‌ദരും സ്ഥലത്തെത്തി തെളിവെടുപ്പ്‌ നടത്തി. തിരൂരങ്ങാടി തഹസില്‍ദാര്‍ ടി യു. ജോണ്‍, എസ്‌ ഐ ജോബിന്‍ ആന്റണി എന്നിവരും സ്ഥലത്തെത്തി.

തെളിവെടുപ്പിന്‌ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. താനാളൂര്‍ പാണ്ടിയാട്ട്‌ വരിക്കോട്ടില്‍ ഹംസയുടെ മകളാണ്‌ റഹീന. മൂന്നരവര്‍ഷം മുമ്പാണ്‌ മുഹമ്മദ്‌ റാഷിദുമായി റഹീനയുടെ വിവാഹം കഴിഞ്ഞത്‌. രണ്ടര വയസ്സുളള റോഷന്‍ ഏക മകനാണ്‌.