വനിതകളുമായ്‌ ഓണ്‍ലൈന്‍ ചാറ്റിംഗ്‌ നടത്തുന്നവര്‍ക്ക്‌ ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌

Untitled-1 copyദോഹ: വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചില വനിതകള്‍ നടത്തുന്ന വീഡിയോ ചാറ്റിംഗിലൂടെയുള്ള ബ്ലാക്ക് മെയിലിംഗിനെ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുന്ന നിരവധി പേരെ ഈയ്യിടെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു.

വനിതകളുമായുള്ള ഓണ്‍ലൈന്‍ ചാറ്റിംഗ് നടത്തി തട്ടിപ്പിന് ഇരയായവരുടെ നിരവധി പരാതികള്‍  ഈയ്യിടെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് പിന്നില്‍ വ്യക്തികളും സംഘങ്ങളുമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

പെണ്‍കുട്ടികളെ ഉപയോഗിച്ച് ഇന്റര്‍നെറ്റ് വഴി ചാറ്റ് നടത്തി മറ്റുള്ളവരെ വശീകരിച്ച് വീഡിയോ ചിത്രീകരിച്ചാണ് ബ്ലാക്ക് മെയിലിംഗ് നടത്തുന്നത്. പെണ്‍കുട്ടികളുമായി നടത്തിയ വീഡിയോ ചാറ്റുകള്‍ പിന്നീട് ഇരയ്‌ക്കെതിരെ ബ്ലാക്ക് മെയിലിംഗ് സംഘം ഉപയോഗിക്കുകയാണ് പതിവ്.

പെണ്‍കുട്ടികളുടെ അശ്ലീല ഫോട്ടോകള്‍ കാണിച്ചുകൊടുത്താണ് സംഘങ്ങള്‍ ഇരകളെ വശീകരിക്കുന്നതെന്ന് പൊലീസ് മാഗസിന്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടികളുടെ വലയില്‍ വീഴുന്ന ഇര പിന്നീട് വീഡിയോ ചാറ്റിംഗിലൂടെ നടത്തുന്ന വൈകൃതങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയാള്‍ക്കുനേരെ പ്രയോഗിക്കുകയാണ് പതിവ്. ആവശ്യപ്പെടുന്ന പണം നല്കിയില്ലെങ്കില്‍ വീഡിയോ പരസ്യമാക്കുമെന്ന ഭീഷണിയാണ് പതിവായി സംഘങ്ങള്‍ മുഴക്കാറുള്ളത്.

ഓണ്‍ലൈന്‍ ഫോണ്‍ കാളുകള്‍ക്ക് നിരവധി നേട്ടങ്ങളുണ്ടെങ്കിലും ഇത്തരത്തിലുള്ള ചില മോശം വശങ്ങളുമുണ്ടെന്ന് സി ഐ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ജുഫൈരി പറഞ്ഞു. ഇത്തരം ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വീഡിയോ കോളുകള്‍ പ്രത്യേകമായി ഉപയോഗപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റ് വഴി നടത്തുന്ന വോയ്‌സ്, വീഡിയോ ചാറ്റുകള്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള വൈറസുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

ഈയ്യിടെ മേഖലയിലെ ചില രാജ്യങ്ങള്‍ ഇത്തരം വൈറസുകളുടെ പ്രവര്‍ത്തനം ലക്ഷ്യമിട്ടിട്ടുണ്ടെന്നും എന്നാല്‍ ആന്റി വൈറസ് സോഫ്റ്റ് വെയറുകള്‍ക്ക് പൂര്‍ണ്ണമായും ഇവയെ ഇല്ലാതാക്കാനാവുകയില്ലെന്നും ജുഫൈരിയുടെ മുന്നറിയിപ്പില്‍ പറയുന്നു. ഓണ്‍ലൈനില്‍ വോയ്‌സ് കാളോ വീഡിയോ കാളോ നടത്തുന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതാണ് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. തങ്ങളുടെ രഹസ്യങ്ങള്‍ സൂക്ഷിക്കാനും സുരക്ഷിതത്വത്തിനും ഫോണ്‍ വിളിക്കുന്നതിന് ഉള്‍പ്പെടെ പൊതുവായ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പകരം സ്വകാര്യമായ ഉപകരണങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം മുന്നറിയിപ്പില്‍ പറയുന്നു. ആന്റി വൈറസ് സോഫ്റ്റ്‌വെയറുകള്‍ കൃത്യമായ ഇടവേളകളില്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ ജുഫൈരി ആവശ്യപ്പെടുന്നു.

ബ്ലാക്ക് മെയിലിംഗിന് പുറമേ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ഇ-മെയില്‍ വിലാസങ്ങളും വെബ് വിലാസങ്ങളും ഹാക്ക് ചെയ്യുക, ഇന്റര്‍നെറ്റ് ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുക, കുട്ടികള്‍ക്കു നേരെ മോശമായി പെരുമാറുക തുടങ്ങിയ പരാതികളും ലഭിക്കുന്നതായി സി ഐ ഡിയിലെ സൈബര്‍ ക്രൈംസ് ഇന്‍വെസ്റ്റിഗേഷന്‍ സെന്റര്‍ ഓഫിസര്‍ ലഫ്റ്റനന്റ് മൗദാവി സഈദ് അല്‍ ഖഹ്താനി പറഞ്ഞു. അപകീര്‍ത്തിപ്പെടുത്തുന്നതിനെതി രേയും പണം അപഹകരിക്കുന്നതിനെതിരെയുമാണ് സൈബര്‍ ക്രൈമില്‍ ലഭിക്കുന്ന പരാതികളില്‍ കൂടുതലുമെന്നും  അദ്ദേഹം പറഞ്ഞു.