ദോഹയില്‍ വനിതകളുടെ തിരുമ്മല്‍ കേന്ദ്രങ്ങള്‍ വര്‍ധിക്കുന്നു

sunday_120568531-640x420ദോഹ: രാജ്യത്ത് വനിതകളുടെ തിരുമ്മല്‍ കേന്ദ്രങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ബ്യൂട്ടിപാര്‍ലറുകളില്‍ തിരുമ്മല്‍ നടത്തുന്നത് അധികൃതര്‍ വിലക്കിയിരുന്നു.

അതേതുടര്‍ന്നാണ് കൂടുതല്‍ വനിതാ തിരുമ്മല്‍ കേന്ദ്രങ്ങള്‍ തുറന്നതെന്ന് പ്രാദേശിക അറബി പത്രം അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറില്‍ വിദേശികളുടെ എണ്ണവും ജനസംഖ്യയിലെ വര്‍ധനവുമാണ്  ഇത്തരത്തിലുള്ള വനിതാ തിരുമ്മല്‍ കേന്ദ്രങ്ങളുടേയും അവിടം സന്ദര്‍ശിക്കുന്നവരുടേയും എണ്ണത്തില്‍ പെരുപ്പമുണ്ടാക്കിയതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

ഇക്കണോമി ആന്റ് കൊമേഴ്‌സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ആയിരത്തി അഞ്ഞൂറിലേറെ വനിതാ സ്പാകളും ബ്യൂട്ടി പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവയുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ബ്യൂട്ടി പാര്‍ലറുകളില്‍ വിലക്കുണ്ടെങ്കിലും ചികിത്സയുടെ ഭാഗമെന്ന നിലയിലാണ് പല കേന്ദ്രങ്ങളിലും  തിരുമ്മല്‍ നടത്തുന്നത്.

വനിതകള്‍ക്കുള്ള ആരോഗ്യ സൗന്ദര്യ പരിചരണ കേന്ദ്രങ്ങള്‍ തേടി നിരവധിപേര്‍ എത്തുന്നുണ്ടെന്നും അതുകൊണ്ടാണ് അത്തരം സ്ഥാപനങ്ങള്‍ രാജ്യത്തെങ്ങും ആരംഭിക്കുന്നതെന്നും ഖത്തരി വനിതാ വ്യവസായി അസോസിയേഷന്‍ അംഗം നേത്ര സയീദ് പറയുന്നു. മികച്ച സേവനങ്ങള്‍ ലഭ്യമാക്കി കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ അവ തമ്മില്‍ ശക്തമായ മത്സരം നടക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഖത്തറിന്റെ സാമ്പത്തിക പുരോഗതിയില്‍ വനിതകളും മികച്ച പങ്കാണ് വഹിക്കുന്നത്. ഖത്തറി വനിതകളുടെ വ്യവസായ സംരംഭങ്ങള്‍ക്ക് ഭരണകൂടം നല്‍കുന്ന പിന്തുണ വിലമതിക്കാനാകാത്തതാണെന്നും മറ്റൊരു വനിതാ വ്യവസായിയായ ഹുദ ഹിബി പറഞ്ഞു. ബാങ്കുകള്‍ ധനസഹായവുമായി രംഗത്തെത്തുന്നുണ്ടെന്നും അതാണ് വ്യവസായ മേഖലയില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിക്കാന്‍ കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.