കുവൈത്ത് സ്വദേശിവല്‍ക്കരണം; തൊഴില്‍ ചെയ്യാന്‍ സ്വദേശികള്‍ക്ക് താല്‍പര്യമില്ല

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവല്‍ക്കപണം ശക്തമാക്കിയതോടെ പല മേഖലകളിലും തൊഴില്‍ ഏറ്റെടുക്കാന്‍ സ്വദേശികള്‍ക്ക് താല്‍പ്പര്യമില്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാറിന്റെ തീരുമാനമനുസരിച്ച് സ്വകാര്യമേഖലയിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ 1800 ഒഴിവുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സഹകരണസംഘങ്ങളിലെ തൊഴില്‍ ഏറ്റെടുക്കുന്നതിന് സ്വദേശികള്‍ക്ക് താല്‍പര്യമില്ലെന്ന് കാര്യമാണ് പുറത്തുവരുന്നത്. പ്രാദേശിക പത്രമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇപ്പോള്‍ രാജ്യത്ത് സഹകരണ സംഘങ്ങളില്‍ തൊഴില്‍ സ്വീകരിച്ച സ്വദേശികളുടെ എണ്ണം ആകെ 35 ആണ്. നൂറോളം പേര്‍ക്ക് ഇന്റര്‍വ്യൂ കഴിഞ്ഞ് നിയമത്തിന് ഓര്‍ഡര്‍ നല്‍കിയെങ്കിലും സ്വദേശികളാരും ജോലിക്ക് ഹാജരാകുന്നില്ല. സ്വദേശിവല്‍ക്കരണ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് സഹകരണ സംഘങ്ങളിലും സ്വദേശികളെ നിയമിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. 1100 ഓളം സ്വദേശികള്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കിയെങ്കിലും തൊഴിലില്‍ പ്രവേശിക്കുന്നതിന് ആരും മുന്നോട്ട് വരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാറിന്റെ മാന്‍പവര്‍ റിസ്ട്രക്ചറിംഗ് പദ്ധതിയനുസരിച്ച് സ്റ്റേറ്റ് എക്‌സിക്യുട്ടീവ് തൊഴില്‍ സാമൂഹ്യമന്ത്രാലയവും സംയുക്തമായി ഒപ്പ് വെച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് 1800 തൊഴിലവസരങ്ങള്‍ സഹകരണമേഖലയില്‍ സൃഷ്ടിച്ചത്. എന്നാല്‍ ഈ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് യോജിച്ചതല്ല എന്ന നിഗമനത്തിലാണ് അപേക്ഷ നല്‍കിയ സ്വദേശികള്‍.

എന്നാല്‍ നിലവില്‍ സ്വകാര്യമേഖലയിലെ 90 ശതമാനം തൊഴിലാളികളും കയ്യടക്കിയിരിക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് വലിയ ഭീഷണിയാണ് സര്‍ക്കാര്‍ മാന്‍പവര്‍ റീസ്ട്രക്ചറിംഗ് പദ്ധതി.