എയ്ഡ്‌സ്,ക്ഷയരോഗം,മറ്റ് പകര്‍ച്ച വ്യാധികള്‍ കുവൈത്തില്‍ നിന്നും നാടുകടത്തിയത് 5879 പ്രവാസികളെ

കുവൈത്ത് സിറ്റി: രാജ്യത്തു നിന്നും സാംക്രമിക രോഗങ്ങളെ തുടര്‍ന്ന് രണ്ടുവര്‍ഷത്തിനുള്ളില്‍ നാടുകടത്തിയത് 5879 വിദേശികളെ. എയ്ഡ്‌സ് ബാധിതരായ 567 പേരെയും പകര്‍ച്ചവ്യാധികള്‍ ബാധിച്ച് 244 പേരെയും ക്ഷയരോഗം ബാധിച്ച് 2068 പേരെയും ഹെപ്പറ്റൈറ്റിസ് ബാധിച്ച് 2991 പേരെയുമാണ് നാട്ടിലേക്ക് തിരിച്ചയച്ചത്.

സാംക്രമിക രോഗം ബാധിച്ചവരില്‍ നാടുകടത്താതെ രാജ്യത്തു തന്നെ തുടരുന്നവര്‍ സ്വദേശിയുടെ വിദേശി ഭാര്യമാരും അവരിലെ മക്കളും മാത്രമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം മെയ് 15 വരെ 8000 വിദേശികളെ നാടുകടത്തിയതായി നാടുകടത്തല്‍ കേന്ദ്രം അധികൃതര്‍ അറിയിച്ചു. അറസ്റ്റിലാകുന്നവര്‍ പരമാവധി ഏഴുദിവസമാണ് നാടുകടത്തില്‍ കേന്ദ്രത്തില്‍ കഴിയുന്നത്. യാത്രാരേഖയും വിമാനടിക്കറ്റും ലഭ്യമാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ദിവസം കേന്ദ്രത്തില്‍ കഴിയേണ്ടിവരുന്നുണ്ട്.

താമസാനുമതി രേഖാ നിയമം ലംഘിച്ചവര്‍, മോഷണക്കുറ്റത്തില്‍ ഉള്‍പ്പെട്ടവര്‍, ഗുരുതരമായ ഗതാഗതനിയമ ലംഘകര്‍ എന്നിവരെയാണ് എത്രയും പെട്ടെന്ന് നാടുകടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കോടതികളില്‍ കേസു നിലനില്‍ക്കുന്നവരാണെങ്കില്‍ വിധി വന്നതിനുശേഷം മാത്രമായിരിക്കും നാടുകടത്തല്‍ ഉണ്ടായിരിക്കുക. സാമ്പത്തിക കുറ്റത്തിന് പിടിയിലായവര്‍ കോടതി വിധി വരുന്നതുവരെ ജയിലില്‍ കഴിയേണ്ടിവരും.