കുവൈത്തില്‍ വഴിയോര കച്ചവടകാര്‍ക്ക് കനത്ത പിഴ ചുമത്തി അധികൃതര്‍

കുവൈത്ത് സിറ്റി: രാജ്യത്ത് വഴിയോര കച്ചവടക്കാര്‍ക്ക് കനത്ത പിഴ ചുമത്തി അധികൃതര്‍. ഉള്‍പ്രദേശങ്ങളിലെ റോഡുകളില്‍ നിന്ന് പിടികൂടുന്ന വഴിയോരക്കച്ചവടക്കാരില്‍ നിന്ന് 100 ദിനാര്‍ മുതല്‍ 500 ദിനാര്‍ വരെയും മെയിന്‍ റോഡില്‍ നിന്ന് പിടിച്ചെടുക്കുന്നവരില്‍ നിന്ന് 500 ദിനാര്‍ മുതല്‍ 1000 ദിനാര്‍ വരെയും പിഴ ഈടാക്കുമെന്ന് മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു.

ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് പിഴ ഈടാക്കാനുള്ള തീരുമാനം. നാല്‍പ്പത് വര്‍ഷം മുന്‍പ് നിലവിലുള്ളതാണ് പിഴ സംബന്ധിച്ച തീരുമാനമെന്നും കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു.

അതെസമയം വഴിയോരക്കച്ചവടത്തിന് പിടിയിലാകുന്ന വാഹനങ്ങള്‍ പിഴ അടച്ച രസീത് ഹാജരാക്കിയാല്‍ മാത്രമേ വിട്ടുകൊടുക്കുകയൊള്ളു. വഴിയോരക്കച്ചവടം നടത്തിയവര്‍ രാജ്യം വിട്ടുപോകുന്നതുവരെ സ്‌പോണ്‍സറുടെ വിവിധ ഫയലുകള്‍ മരവിപ്പിക്കും. പാര്‍ക്കുകള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്‍വശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ കച്ചവടം നടത്തുന്നവര്‍ക്കും നിയമം ബാധകമാണ്.