കുവൈത്തില്‍ പൊതുസ്ഥലത്ത് സിഗരറ്റ് ഇട്ടാല്‍ 200 ദിനാര്‍ പിഴ

കുവൈത്ത് സിറ്റ്: രാജ്യത്ത് സിഗരറ്റ് പൊതു ഇടങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിന് കനത്ത പിഴ ചുമത്തി അധികൃതര്‍. ഇനിമുതല്‍ ആരെങ്കിലും സിഗരറ്റു കുറ്റികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞാല്‍ 200 ദിനാര്‍ പിഴ നല്‍കേണ്ടിവരുമെന്ന് കാപിറ്റല്‍ ഗവര്‍ണറേറ്റ് മുനിസിപ്പല്‍ എമര്‍ജന്‍സി മേധാവി സൈദ് അല്‍ ഇന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ക്കുകള്‍, മാര്‍ക്കറ്റുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവിടിങ്ങളിലും സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞാല്‍ ഇതെ പിഴ തന്നെ നല്‍കേണ്ടിവരും.

സിഗരറ്റ് അവശിഷ്ടങ്ങളെ കുറിച്ച് 1987 ല്‍ പുറപ്പെടുവിച്ച മുനിസിപ്പല്‍ നിയമഭേദഗതിയുടെ പിന്‍ബലത്തിലാണ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് അദേഹം പറഞ്ഞു. ഇതുവരെ പൊതു സ്ഥലങ്ങളില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാല്‍ അഞ്ചു ദിനാറായിരുന്നു പിഴ ഈടാക്കിയിരുന്നത്. നിയമംലംഘിച്ചത് പിടിക്കപ്പെട്ടാല്‍ അനുരജ്ഞനത്തിലുള്ള അവസരവും നല്‍കിയിരുന്നു.

ഇതിനുപുറമെ അനുവദിക്കപ്പെട്ട സ്ഥലങ്ങളിലെല്ലാതെ തുപ്പുക, മല-മൂത്ര വിസര്‍ജനം നടത്തുക തുടങ്ങിയ നിയമലംഘനങ്ങളും ഈ നിയമത്തിന്റെ തന്നെ പരിധിയില്‍ വരും. എന്നാല്‍ ഇതെ നിയമ ലംഘനങ്ങള്‍ക്ക് 5000 ദിനാറാണ് പരിസ്ഥിതി സംരക്ഷണ അതോറിറ്റി പിഴ ഈടാക്കുക.

പരിസര ശുചീകരണത്തില്‍ കുറവ് വന്നതോടെയാണ് നിയമം ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.