കുവൈത്തില്‍ ശമ്പളം തടയുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങല്‍ തടഞ്ഞുവെക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി. മാന്‍പവര്‍ അതോറിററി ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുതൗതയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് ആയിരത്തോളം ഫിലിപ്പീന്‍സുകാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിലാളികളുടെ ശമ്പളം നിഷേധിച്ചതില്‍ അതോറിറ്റി നടപടി സ്വീകരിച്ചില്ലെന്ന പരാതിയെ തുടര്‍ന്നാണ് അധികൃതരുടെ ഈ മുന്നറിയിപ്പ്. അതെസമയം കുവൈത്തും ഫിസിപ്പീന്‍സും തമ്മില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളുടെ സാഹചര്യത്തിലാണ് അതോറിറ്റി ഇടപെടാത്തതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ പ്രശ്‌നമുണ്ടായിട്ടുള്ള കമ്പനിയില്‍ ആയിരം ഫിലിപ്പീനികള്‍ ജോലി ചെയ്യുന്നില്ലെന്നും 500 പേര്‍ മാത്രമാണ് ഇവരുടെ എണ്ണമെന്നും ഇതില്‍ 120 പേര്‍ മാത്രമാണ് ശമ്പളം ലഭിക്കാത്തതു സംബന്ധിച്ചു പരാതി നല്‍കിയിട്ടുള്ളതെന്നും അബ്ദുല്ല അല്‍ മുതൗത വ്യക്തമാക്കി.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കമ്പനി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പനികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കാന്‍ അതോറിറ്റിയുടെ റോമിങ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായും അദേഹം വ്യക്തമാക്കി. ഒരു സൈറ്റില്‍ നിന്ന് 850 പരാതികള്‍ ലഭിച്ചതായും അദേഹം വ്യക്തമാക്കി. തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും മുടക്കുന്ന കമ്പനികളുടെ കരാര്‍ പുതുക്കി നല്‍കേണ്ടതില്ലെന്നും മാന്‍പവര്‍ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.