വിദേശികളെ പൊതുമേഖലയില്‍ നിന്ന് മാറ്റാന്‍ കുവൈത്ത് നിയമ നിര്‍മ്മാണം ആരംഭിക്കുന്നു

കുവൈത്ത് സിറ്റി: വിദേശികളെ പൊതുമേഖല നിന്നും മാറ്റി സ്വദേശികള്‍ക്കു ജോലി ഉറപ്പാക്കുന്നത് സംബന്ധിച്ച് നിയമനിര്‍മാണം ഉടനെയുണ്ടാകുമെന്നും പാര്‍ലമെന്റിലെ സ്വദേശിവല്‍ക്കരണ-തൊഴില്‍ കമ്മിറ്റി അംഗം സാലെ അല്‍ അശൂര്‍ അറിയിച്ചു. 12000 സ്വദേശികള്‍ പൊതുമേഖലയില്‍ തൊഴിലിനായി കാത്തിരിപ്പുണ്ടെന്നും അദേഹം പറഞ്ഞു.

എണ്ണക്കമ്പനികളുടെയും സിവില്‍ സര്‍വ്വീസ് കമ്മീഷന്റെയും മാന്‍ പവര്‍ പഗബ്ലിക് അതോറിറ്റിയുടെയും ആസൂത്രണ വിഭാഗം സുപ്രീം കൗണ്‍സിലിന്റെയും പ്രതിനിധികളുമായി കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്നു വന്നത്. സ്വദേശികളുടെയും വിദേശി ബന്ധത്തില്‍ സ്വദേശി വനിതകള്‍ക്ക് ജനിച്ച കുട്ടികളുടെയും തൊഴില്‍ പ്രശ്‌നമാണു യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.

യോഗത്തില്‍ വിദേശികള്‍ക്കു പകരം സ്വദേശികളെ നിയമിക്കുന്നതിനു നിലവിലുളള പദ്ധതികള്‍, അടുത്ത അഞ്ചുവര്‍ഷത്തിനകം നടപ്പാക്കേണ്ട സ്വദേശിവല്‍ക്കരണ തോത് എന്നിവയും യോഗം ചര്‍ച്ച ചെയ്തു. നിയമനം സംബന്ധിച്ചു വ്യക്തമായ തീരുമാനമെടുക്കുന്നതിന് ആവശ്യമായ സ്ഥിതിവിവരക്കണക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു ലഭ്യമാക്കാനും തീരുമാനിച്ചു.

ഇതിനിടെ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് നാസര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ സാന്നിധ്യത്തില്‍ ആഭ്യന്തര-പ്രതിരോധ സമിതി യോഗം ചേര്‍ന്നു സൈനിക സേവന നിയമവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ദേശീയ സേവനകാലഘട്ടം ഒരു വര്‍ഷത്തില്‍ നിന്നു നാലുമാസമായി കുറയ്ക്കുക, റിസര്‍വ് സേവന കാലഘട്ടം 35 ദിവസത്തില്‍ നിന്ന് 15 ദിവസമാക്കുക എന്നിവയാണു പ്രധാന നിര്‍ദേശങ്ങള്‍.

അഭിപ്രായം രേഖപ്പെടുത്തുന്നതിനു സമിതി സര്‍ക്കാരിനു 15 ദിവസം അനുവദിച്ചു. സ്ത്രീകളുടെ സൈനിക പ്രവേശം സമിതി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ചെയര്‍മാന്‍ അഷ്‌കര്‍ അല്‍ അനേസി അറിയിച്ചു. സ്ത്രീകളെ സൈന്യത്തില്‍ ചേര്‍ക്കണം എന്നുള്ളത് അംഗീകരിക്കാന്‍ കഴിയില്ല. സ്ത്രീ അമ്മയായും സഹോദരിയായും നിലകൊള്ളേണ്ടവളാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.