കുവൈറ്റില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നു;വിസ പുതുക്കി നല്‍കാന്‍ കര്‍ശന മാനദ്ണ്ഡങ്ങള്‍

കുവൈറ്റ് സിറ്റി: രാജ്യത്ത് വിദേശികളുടെ എണ്ണത്തില്‍ കുറവു വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യത്തെ മൊത്തം തൊഴില്‍ ശക്തിയുടെ 30 ശതമാനത്തില്‍ കൂടുതല്‍ വിദേശികളെ അനുവദിക്കില്ല. വിദേശ തൊഴിലാളികള്‍ക്ക് ക്വാട്ട സമ്പ്രദായം നടപ്പിലാക്കാനും വിസ പുതുക്കി നല്‍കുന്നതില്‍ കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് നീക്കം. ഇതുസംബന്ധിച്ച് മുതിര്‍ന്ന പാര്‍ലമെന്റ് അംഗം വലിദ് അല്‍ തബ് തബായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരടിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.

പത്ത് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പില്‍ വരുത്തുണമെന്നാണ് ഡോ.വലിദ് അല്‍ തബ്തബായിയുടെ നിര്‍ദേശം. എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ പത്ത് വര്‍ഷം വേണ്ടി വരുമെന്ന വാദത്തോട് യോജിപ്പില്ലെന്ന് മുതിര്‍ന്ന വനിതാ എം പി സഫ അല്‍ ഹാഷിം പറഞ്ഞു. പദ്ധിതി മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ നടപ്പാക്കണമെന്ന് അവര്‍ ശക്തമായി അഭിപ്രായപ്പെടുകയും ചെയ്തു. കൂടാതെ വിദേശികളുടെ ആരോഗ്യ ചികിത്സാ ഫീസ് വര്‍ധിപ്പിച്ച നടപടിയെ അവര്‍ പ്രശംസിച്ചു.

ഇതിനുപുറമെ പെട്രേള്‍ വില വര്‍ദ്ധന സ്വദേശികളെ ബാധിക്കാത്ത വിധത്തില്‍ കൂപ്പണ്‍ നല്‍കാനും ആരോഗ്യ മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്വദേശികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ ആവശ്യമുയര്‍ന്നു.