കുവൈത്തില്‍ പൊതുമാപ്പ് ഇല്ല;അനധികൃത താമസക്കാരെ സഹായിക്കുന്ന വിദേശികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നാടുകടത്തും

കുവൈത്ത് സിറ്റി: രാജ്യത്ത് കുടിയേറ്റ നിയമംലംഘിച്ച് കൊണ്ട് തുടരുന്ന വിദേശികള്‍ക്ക് പൊതുമാപ്പ് അനുവദിച്ചു എന്ന വാര്‍ത്ത നിഷേധിച്ച് കുടിയേറ്റ വിഭാഗം മേധാവി. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

നിലവില്‍ പൊതുമാപ്പ് അനുവദിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നെയില്ലെന്നും നിലവില്‍ ഒരു ലക്ഷത്തിലേറെ വിദേശികളാണ് കുടിയേറ്റനിയമം ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവരുന്നത്. ഇവര്‍ക്ക് പിഴ അടച്ചശേഷം രേഖകള്‍ നിയമപരമാക്കിയാല്‍ രാജ്യത്ത് തുടരാം. രാജ്യം വിട്ട് പോകേണ്ടവര്‍ക്ക് പിഴ അടച്ച ശേഷം എപ്പോള്‍ വേണമെങ്കിലും പോകാവുന്നതുമാണ്. പിടിയിലായവരെ ശിക്ഷാനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട് കടത്താനാണ് തീരുമാനമെന്നും കുടിയേറ്റ വിഭാഗം മേധാവി അറിയിച്ചു.

അതെസമയം രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളെ സഹായിക്കുകയും വീട്ട് ജോലിക്ക് നിര്‍ത്തുകയും ചെയ്യുന്ന വിദേശികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇവരെ പിടികൂടി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നാടുകടത്താനാണ് തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി.