എനി തട്ടിപ്പ് നടത്തി തടിയൂരാന്‍ കഴിയില്ല; കുവൈത്തില്‍ വിദേശികളുടെ വിരലടയാളം കമ്പ്യൂട്ടറൈസ്ഡാക്കി

കുവൈത്ത് സിറ്റി: രാജ്യത്തുള്ള വിദേശികളുടെയെല്ലാം വിരലടയാളം കമ്പ്യൂട്ടറൈസ്ഡ് ശൃംഖലയുമായി ബന്ധിപ്പിച്ചു. വിദേശികളില്‍ 18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ ആളുകളുടെയും വിരലടയാളം ശേഖരിച്ചു കഴിഞ്ഞു. ഇനി രാജ്യത്ത് ഇറങ്ങുന്ന എല്ലാവരുടെയും വിരലടയാളവും ഈ ശൃംഖലയുമായി ബന്ധിപ്പിക്കും.
ഇതോടെ രാജ്യത്തുള്ള എല്ലാ വിദേശികളുടെയും വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും. രാജ്യത്തുള്ള വിദേശികള്‍ ഇഖാമ പുതുക്കുന്ന അവസരത്തിലാണ് അവരുടെയെല്ലാം വിരലടയാളം കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചു വന്നത്. തടവില്‍ കഴിയുന്നവരുടെയും വിരലടയാളം ശേഖരിച്ചു കഴിഞ്ഞു.

ഇതോടെ കുറ്റകൃതങ്ങള്‍ നടത്തുന്നവരെയും യാത്രാനിരോധനം ഉള്ളവരെയും എളുപ്പത്തില്‍ കണ്ടെത്താനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മാത്രവുമല്ല നാടുകടത്തപ്പെട്ടവര്‍ വേറെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യത്തെത്തിയാല്‍ വിമാനത്താവളത്തില്‍ വെച്ചു തന്നെ അവരെ പിടികൂടാനാകും.

ഇനിമുതല്‍ രാജ്യത്ത് ഒരുതരത്തിലുള്ള വെട്ടിപ്പും നടത്താന്‍ പുറത്ത് നിന്നെത്തുന്നവര്‍ക്ക് സാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നു.