കുവൈത്തില്‍ പള്ളി ജീവനക്കാര്‍ക്കും ഇനി പഞ്ചിങ്

കുവൈത്ത് സ്റ്റി : ഇനി മുതല്‍ രാജ്യത്തെ പള്ളികളിലും പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഔഖാഫ്-ഇസ്ലാമിക കാര്യമന്ത്രാലയം നീക്കം ആരംഭിച്ചു. പള്ളി ജീവനക്കാരായ ഇമാം, മുഅദി, ഖത്തീബ് എന്നിവര്‍ ഓരോ നമസ്‌ക്കാരത്തിന് മുമ്പും ശേഷവും പഞ്ചിങ് മെഷിനില്‍ ഹാജര്‍ രേഖപ്പെടുത്തേണ്ടി വരും.

മന്ത്രാലയത്തിന് കീഴിലുള്ള പള്ളികളില്‍ സ്ഥാപിക്കാന്‍ 1600 പഞ്ചിങ് മെഷിനുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. പള്ളികളിലെ പ്രാര്‍ത്ഥനാ സമയങ്ങളില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നതിനാല്‍ മെഷീനുകളിലും അതിനനുസരിച്ചുള്ള മാറ്റം ഉണ്ടായിരിക്കും. നിലവില്‍ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌ക്കാര സമയമൊഴിച്ച് മറ്റ് പ്രാര്‍ത്ഥനാ വേളയില്‍ ചില പള്ളികളിലെങ്കിലും ഇമാമും മുഅദ്ദിനും ഒരുമിച്ചുണ്ടാകാറില്ല. ഹാജര്‍ നില രേഖപ്പെടുത്താനുള്ള സംവിധാനമില്ലാത്തതിനാല്‍ ജീവനക്കാര്‍ പരസ്പര ധാരണയോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാറ്.

ഇതോടെ ഓരോ പാര്‍ത്ഥന സമയങ്ങളിലും ഇമാമും മുഅദ്ദിനും സ്ഥലത്തുണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാകും. ഒക്ടോബര്‍ ഒന്നുമുതലാണ് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇവിടെ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. പള്ളിജീവനക്കാരുടെ ഹാജര്‍ നില പഞ്ചിങ് സംവിധാനത്തിലൂടെ രേഖപ്പെടുത്തുണമെന്ന സര്‍വീസ് കമ്മീഷന്റെ അപേക്ഷ നിരസിക്കുകയായിരുന്നു. സര്‍ക്കാറിന്റെ ശമ്പളം പറ്റുന്ന എല്ലാവര്‍ക്കും നിയമം ബാധകമായിരിക്കുമെന്ന് കമീഷന്‍ നിലപാട് സ്വീകരിച്ചു.