കുവൈത്തില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്നു; പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതില്‍ 13% കുറവ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ കുറവ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് 13% കുറവ് ഉണ്ടായിരിക്കുന്നതായി മണി എക്‌സ്‌ചേഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി.

പെട്രോളിനും വൈദ്യുതിക്കും വെള്ളത്തിനും തുടങ്ങി അവശ്യവസ്തുക്കളുടെയെല്ലാം വില വര്‍ധിച്ചതോടെ ജീവിതചെലവ് വളരെ വര്‍ധിച്ച അവസ്ഥയാണ് നാട്ടിലേക്ക് പണമയക്കുന്നതില്‍ കുറവ് വരാന്‍ ഉണ്ടായ പ്രധാന കാരണം.

ഗാര്‍ഹിക തൊഴിലാളികള്‍ ഒഴിച്ചുള്ള വിദേശികളുടെ പ്രതിമാസ വ്യക്തിഗത ഇടപാട് 625 ഡോളര്‍ ആയിരുന്നത് 545 ഡോളര്‍ ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തില്‍ എണ്ണവിലയില്‍ കുറവ് വന്നതോടെ ഇത് വിദേശികളുടെ വരുമാനത്തിലും വലിയ കുറവ് വരുത്തിയിരുന്നു. അതെസമയം ഏഴുലക്ഷത്തോളം വരുന്ന വിദേശികള്‍ പ്രതിമാസം അയക്കുന്ന തുക 300 ഡോളറില്‍ കൂടാറില്ലെന്നും പുറത്തുവന്നിട്ടുള്ള കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ജീവിതച്ചെലവ് വര്‍ധിച്ച സഹാചര്യത്തില്‍ പല പ്രവാസികളും കുടുംബത്തെ നാട്ടിലേക്കയക്കാന്‍ നിര്‍ബന്ധിതരായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്.