ഗാര്‍ഹിക തൊഴിലാളി വിസ നല്‍കുന്നത് നിര്‍ത്തണമെന്ന് കുവൈത്തിനോട് ഇന്ത്യ

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നും ഗാര്‍ഹിക തൊഴിലിനായി പോകുന്നവരുടെ വിസ താല്‍ക്കാലികമായി നിര്‍ത്തണമെന്ന് കുവൈത്തിനോട് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. കുവൈത്തില്‍ എത്തുന്ന ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരുന്നതുവരെ ആര്‍ക്കും വിസ നല്‍കരുതെന്നാണ് അധകൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പലവിതത്തിലും തൊഴില്‍ തേടി പോകുന്നവര്‍ പീഡിപ്പിക്കപ്പെടുന്നു വെന്നതാണ് ഒരു കാരണം. ഇന്ത്യയെ ഗാര്‍ഹികത്തൊഴിലാളി സമൂഹമായി ചിത്രീകരിക്കപ്പെടുന്നു എന്നതാണ് മറ്റൊരു കാരണം.

ഗാര്‍ഹിത തൊഴിലാളി വനിതകളുടെ സംരക്ഷണത്തില്‍ വ്യക്തമായ നിലപാട് ഉണ്ടാകുന്നതുവരെ കൂടുതല്‍പേരെ ഈ മേഖലയില്‍ തൊഴിലിനായി കൊണ്ടുവരുന്നതിനോട് ഇന്ത്യന്‍ എംബസിക്കും താല്‍പര്യമില്ല. ഇക്കാര്യം സ്ഥാനമെഴിയുന്ന സ്ഥാനപതി സുനില്‍ ജെയിന്‍ കുവൈത്ത് വിദേശകാര്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ ഖറാഫി നാഷണലിലെ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ തീരുമാനം എളുപ്പത്തില്‍ കൈകൊള്ളുമെന്ന് സ്ഥാനപതി അഭ്യര്‍ത്ഥിച്ചതായും സെക്കന്‍ഡ് സെക്രട്ടറി അറിയിച്ചു.

നിലവില്‍ മൂന്ന് വര്‍ഷമായി കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാറില്ല. വനിതാ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സ്‌പോണ്‍സര്‍ 2500 ഡോളര്‍ ബാങ്ക് ഗാരന്റി നല്‍കണമെന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ മാസം ബാങ്ക് ഗാരന്റി നിബന്ധന പിന്‍വലിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹികത്തൊഴിലാളികള്‍ക്കു കുവൈത്ത് വീസ നല്‍കിത്തുടങ്ങി. ഒരു മാസത്തിനുള്ളില്‍ തന്നെ 4320 ഇന്ത്യന്‍ വനിതകള്‍ക്കാണ് വീസ നല്‍കിയിരിക്കുന്നത്.