കുവൈത്തില്‍ ഡ്രൈവിങ്ങിനിടെ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലും ലൈസന്‍സ് മരിവിപ്പിക്കാനും വാഹനം കണ്ടുകെട്ടാനും നടപടി

untitled-1-copyകുവൈത്ത് സിറ്റി: നിലവിലെ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ ശിക്ഷാനിയമത്തില്‍ ഭേദഗതിവരുത്താന്‍ ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഡ്രൈവിങ്ങിനിടെ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലും ലൈസന്‍സ് മരിവിപ്പിക്കാനും വാഹനം കണ്ടുകെട്ടാനും നടപടി സ്വീകാരിക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്.

ഒരു മാസത്തിന് ശേഷം നിയമം പ്രാബല്യത്തിലായേക്കും. പ്രാദേശിക പത്രത്തോട് നടത്തിയ അഭിമുഖത്തില്‍ ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗതകാര്യങ്ങളുമായി ബന്ധപ്പെട്ട അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ശുവൈഅ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫത്വ ബോര്‍ഡിന്‍െറ അംഗീകാരം ലഭിച്ചശേഷം നിയമം പ്രാബല്യത്തിലാക്കുന്നതിന്മുമ്പ് ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന് കൈമാറും. എല്ലാ നടപടികളും പൂര്‍ത്തിയാക്കി മുഹര്‍റം മാസത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മേജര്‍ ജനറല്‍ ഫഹദ് അല്‍ ശുവൈഅ് പറഞ്ഞു.

സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യനിവാസികളുടെ പൊതുനന്മ കണക്കിലെടുത്താണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യാപക റെയ്ഡുകള്‍ നടത്തി നിയമലംഘനങ്ങള്‍ പിടികൂടുന്നതും അധികരിച്ചിട്ടുണ്ടെങ്കിലും ജനങ്ങളെ ഭയപ്പെടുത്താനും വാഹനാപകടങ്ങളിലെ മരണത്തോത് കുറക്കാനും ഇതൊന്നും പര്യാപ്തമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ശിക്ഷ കടുപ്പിക്കുന്നത്.
ശക്തമായ ട്രാഫിക് പരിശോധനകള്‍ നടത്തിയിട്ടും രാജ്യത്ത് റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കൂടുകയാണ് ചെയ്തത്. രണ്ടുമാസത്തേക്കാണ് ലൈസന്‍സ് മരവിപ്പിക്കുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യുക. വികലാംഗര്‍ക്കുമാത്രമായുള്ള പാര്‍ക്കിങ് ഏരിയയില്‍ വാഹനം നിര്‍ത്തിയിട്ടാലും ഇതേ ശിക്ഷയായിരിക്കും ലഭിക്കുക. മണിക്കൂറില്‍ 190 കിലോമീറ്ററില്‍ അധികം വേഗത്തില്‍ വാഹനം ഓടിക്കുന്നവരുടെ വാഹനവും രണ്ടു മാസത്തേക്ക് കണ്ടുകെട്ടണമെന്ന് നിര്‍ദിഷ്ട ഭേദഗതിയിലുണ്ട്. റോഡിന് വലതുവശത്തെ എമര്‍ജന്‍സി ലൈനിലൂടെ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് പിന്‍വലിക്കാനും ഭേദഗതി അനുശാസിക്കുന്നുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവരില്‍നിന്ന് നിശ്ചിത തുക പിഴ ഈടാക്കുകയെന്നതാണ് നിലവിലെ ശിക്ഷാ രീതി.