കുവൈത്തില്‍ ഒളിച്ചോട്ടം പരാതികള്‍: തൊഴിലാളികള്‍ക്കും എസ്എംഎസിലൂടെ സന്ദേശമെത്തും

കുവൈത്ത് സിറ്റി: ഒളിച്ചോട്ടം സംബന്ധിച്ചുള്ള പരാതികള്‍ ഇനി മുതല്‍ തൊഴിലാളിയെ എസ്എംഎസിലൂടെ അറിയിക്കാന്‍ നടപടിയായി. തൊഴിലുടമയ്‌ക്കെതിരായ പരാതിയും അദേഹത്തെ എസ്എംഎസ് സന്ദേശത്തിലൂടെ അറിയിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. വിദേശ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള ജനറല്‍ അതോറിറ്റി ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുതവയാണ് ഇക്കാര്യം അറിയിച്ചത്.

തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍വിദേശ എംബസികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദേഹം അറിയിച്ചു. പരാതി നേരിടുന്ന തൊഴിലാളിക്ക് തുടര്‍ നടപടികള്‍ക്ക് അയാളുടെ എംബസി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ സമീപിക്കാനുള്ള സൗകര്യം പ്രയോജനപ്പെടുത്താനുള്ള മുന്നറിയിപ്പ് കൂടിയാണ് ഇതെന്ന് അദേഹം പറഞ്ഞു. ഒളിച്ചോട്ടം സംബന്ധിച്ചുള്ള പരാതി ലഭിച്ചാല്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട കക്ഷിയെ അറിയിക്കാനും ഇത് സഹായിക്കും.

ഇതിനുപുറമെ മുപ്പത് വയസ്സ് തികയാത്ത വിദേശികള്‍ക്ക് വീസ നല്‍കേണ്ടതില്ലെന്ന തീരുമാനം ജൂലൈ ആദ്യം പ്രാബല്യത്തില്‍ വരുമെന്നും അദേഹം വ്യക്തമാക്കി. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ പ്രവൃത്തിപരിചയം ഇല്ലാതെ എത്തുന്ന വിദേശികളേക്കാള്‍ യോഗ്യേത നേടിയ ശേഷം അവരുടെ രാജ്യത്ത് പ്രവൃത്തി പരിചയം നേടുന്നവരുടെ സേവനമാകും കൂടുതല്‍ ഗുണം ചെയ്യുക. അങ്ങിനെ വന്നാല്‍ വര്‍ക്ക് പെര്‍മിറ്റില്‍ പറയുന്ന ജോലിക്ക് വിദേശികള്‍ക്ക് അവസരവും ലഭിക്കും. തൊഴിലുടമ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാതിരുന്നാല്‍ അതോറിറ്റിയില്‍ പരാതി നല്‍കാവുന്നതാണ്. പാസ്‌പോര്‍ട്ട് ഒരോ വ്യക്തിയുടെയും സ്വകാര്യ രേഖയാണ്.