കുവൈത്തില്‍ വിദേശികള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ വാഹനങ്ങള്‍ക്ക് വിലക്ക്

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ക്ക് ഒന്നില്‍കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നു. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത വിഭാഗം അസി.അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ഷുവൈഇ അറിയിച്ചു.

ലൈസന്‍സ് ഇല്ലാത്ത വിദേശികള്‍ക്ക് പോലും വാഹനമുള്ളതായി രേഖകളില്‍ പറയുന്നതായും ചില വിദേശികള്‍ക്ക് എഴുപത് വഹനങ്ങള്‍ വരെയുള്ളതായ് കണ്ടെത്തിയതായും ഗതാഗത വകുപ്പ് വ്യക്തമാക്കി.

രാജ്യത്തെ പ്രധാന റോഡുകളിലെല്ലാം തന്നെ ഇരുപത്തിനാലു മണിക്കൂറും ക്യാമറകളുടെ പരിധിയിലാക്കിയിട്ടുണ്ട്. കൂടാതെ പ്രധാന പോയിന്റുകളിലെല്ലാം തന്നെ ക്യാമറ ഘടിപ്പിച്ചിട്ടുള്ള 179 വാഹനങ്ങള്‍ നിരീക്ഷണം നടത്തുന്നതായും 268 സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതായും ഫഹദ് വെളിപ്പെടുത്തി.

ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന്റെ പേരില്‍ 164 വിദേശികളെ നാടുകടത്തിയതായും അദേഹം വ്യക്തമാക്കി.