കുവൈത്തില്‍ അനധികൃത താമസം;പിടിക്കപ്പെട്ടാല്‍ കരിമ്പട്ടികയില്‍ പെടുത്തി നാടുകടത്തും

കുവൈത്ത് സിറ്റി: രാജ്യത്ത് പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ അധികൃതര്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ തിരച്ചില്‍ ശക്തമാക്കി. അനധികൃത താമസക്കാരെ കണ്ടെത്തിയാല്‍ അവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിരലടയാളം പതിപ്പിച്ച് ഒരുകാരണവശാലും രാജ്യത്തേക്ക് തിരിച്ചെത്താന്‍ കഴിയാത്ത തരത്തില്‍ നാടുകടത്താനാണ് തീരുമാനം.

16,000 ത്തോളം ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 1,54,000 അനധികൃത താമസക്കാരാണ് രാജ്യത്തുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 50,000ത്തോളം പേര്‍ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തി അവരുടെ നാട്ടിലേക്ക് മടങ്ങിയതെന്നാണ് കണക്ക്.

ഇന്ത്യന്‍ എംബസിയുടെ കണക്ക് പ്രകാരം 11,000എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളാണ് പൊതുമാപ്പ് കാലയളവില്‍ അനുവദിച്ചത്. എന്നാല്‍ രാജ്യത്ത് 30,000 ത്തോളം ഇന്ത്യക്കാരാണ് അനധികൃതമായി താമസിച്ചിരുന്നത്. ഇതില്‍ പകുതിയിലധികവും ഇവിടെ തുടരുന്നതായാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് ഏഴുവര്‍ഷത്തിനു ശേഷമാണ് പൊതുമാപ്പ് പ്രഖ്യാപനമുണ്ടായത്.