റിക്രൂട്‌മെന്റ് മാഫിയക്കെതിരെ കുവൈത്ത് മന്ത്രാലയം

കുവൈത്ത് സറ്റി: റിക്രൂട്‌മെന്റ് മാഫിയകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം രംഗത്ത്. ആരോഗ്യമന്ത്രാലയത്തിലെ ഒഴിവുകള്‍ സംബന്ധിച്ച് റിക്രൂട്ട്‌മെന്റ് മാഫിയകള്‍ നടത്തുന്ന നീക്കത്തിനെതിരെയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ആരോഗ്യ മേഖലയിലെ ഒഴിവുകള്‍ സംബന്ധിച്ചും നിയമനം സംബന്ധിച്ചുമുള്ള എല്ലാ വിവരങ്ങളും വെബ്‌സൈറ്റില്‍ ഔദ്യോഗികമായിതന്നെ പരസ്യപ്പെടുത്തിയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അല്ലാതെ വരുന്ന അറിയിപ്പുകള്‍ വ്യാജമായിരിക്കുമെന്നും അക്കാര്യങ്ങളില്‍പെട്ട്‌പോകാതിരക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നഴ്‌സ് നിയമനത്തിനായി മന്ത്രാലയത്തില്‍ നേരിട്ട് ഹാജരാകണമെന്ന സന്ദേശം പ്രചരിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ മന്ത്രാലയത്തില്‍ എത്തുകയും ചെയ്തു. ഇതോടെയാണ് ഇക്കാര്യത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഇത് റിക്രൂട്ട്‌മെന്റ് മാഫിയകള്‍ നടത്തിയ തട്ടിപ്പാണെന്ന് മനസിലാകുകയും ചെയ്തത്. ഇതോടെയാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തയിരിക്കുന്നത്.

അതെസമയം ഉദ്യോഗാര്‍ത്ഥികളുടെ തള്ളികയറ്റം മന്ത്രാലയത്തില്‍ ഉണ്ടാകുമ്പോള്‍ നിയമനം നടക്കുന്നു എന്ന തോന്നല്‍ ആളുകള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ സാധിക്കും. ഈ അവസരം മുതലെടുത്ത് പിന്‍വാതില്‍ നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയും ഇതുവഴി പണം തട്ടിയെടുക്കുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി. മാത്രവുമല്ല മന്ത്രാലയം അസി.അണ്ടര്‍ സെക്രട്ടറിയുടെ വ്യാജസീല്‍ പതിച്ച നിയമന രേഖ നല്‍കിവരുന്നത് കണ്ടെത്തിയതായും ആരോഗ്യമന്ത്രാലയത്തിലെ നിയമനങ്ങള്‍ സംബന്ധിച്ച് സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാല്‍ മന്ത്രാലയത്തെ അറിയിക്കണമെന്നും അധികൃര്‍ നിര്‍ദേശം നില്‍കുന്നു.