കുവൈത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ ഫീസ് നല്‍കാതെ വിദേശികള്‍ക്ക് ചികിത്സ

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ക്ക് പുതുക്കിയ ചികിത്സാഫീസ് ഞായറാഴ്ച പ്രാബല്യത്തില്‍ വന്നെങ്കിലും വാഹനാപകടം പോലെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ ഫീസ് നല്‍കാതെ ചികിത്സ അനുവദിക്കും. ആരോഗ്യമന്ത്രി ഡോ.ജമാല്‍ ഹര്‍ബി പറഞ്ഞു. പരിഷ്‌കരിച്ച ഫീസ് സംബന്ധമായ കാര്യങ്ങളില്‍ വന്ന സംശയങ്ങള്‍ തീര്‍ത്തുനല്‍കുന്നതിനിടയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഈ അവസരങ്ങളില്‍ അനുയോജ്യ തീരുമാനമെടുക്കാന്‍ ആശുപത്രി ഡയറക്ടര്‍മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും അവകാശമുണ്ടായിരിക്കും.രോഗിയുടെ ജീവന് പ്രാധാന്യം നല്‍കി മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും വകുപ്പ് മേധാവികളുടെയും നിര്‍ദേശ പ്രകാരം ആദ്യ ചികിത്സ ആരംഭിക്കുക എന്നും മന്ത്രി വ്യക്തമാക്കി.

ചികിത്സാ ഉപകരണങ്ങള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും സര്‍ക്കാരില്‍നിന്നും വന്‍തുക നല്‍കേണ്ടി വരുന്നുണ്ടെന്നും അതുകൊണ്ട് ഇത് കുറച്ചെങ്കിലും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പുതിയ ഫീസ് നടപ്പിലാക്കിയിരിക്കുന്നത്. ചികിത്സാ സേവനങ്ങള്‍ക്ക് പകരമായി വിദേശികളില്‍ നിന്ന് ഈടാക്കിയിരുന്ന ഫീസ് ഘടനക്ക് 24 വര്‍ഷത്തെ പഴക്കമുണ്ട്.

അതെസമയം ചികിത്സാ സേവന ഫീസ് വര്‍ധിപ്പിച്ചെന്നു കരുതി വിദേശികളില്‍ നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് തുക ഈടാക്കുന്നത് നിര്‍ത്തിവെക്കില്ലെന്ന് മന്ത്രി അറിയിച്ചു. ഇഖാമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് അടച്ചിരിക്കണമെന്നുള്ള നിബന്ധന തുടരണമെന്നും മന്ത്രി വ്യക്തമാക്കി.

അതെസമയം വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതി കോടതി തിങ്കളാഴ്ച പരിഗണിക്കും.