കുവൈത്തില്‍ 10 വര്‍ഷത്തിനുള്ളില്‍ വിദേശികളുടെ എണ്ണം 45 ലക്ഷം

കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ വിദേശികളുടെ എണ്ണം 45 ലക്ഷമാകുമെന്ന് പഠന റിപ്പോര്‍ട്ട്. 2028 ആകുമ്പോഴേക്കും സ്വദേശികളുടെ എണ്ണം 17 ലക്ഷമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക പത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യക്കാരുള്‍പ്പെടെ ഇപ്പോള്‍ കുവൈത്തില്‍ 31,30000 ആണ് വിദേശികളുടെ എണ്ണം. 2028 ആകുമ്പോഴേക്കും ഇത് 45 ലക്ഷമായി ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സെന്‍ട്രല്‍ സെന്‍സസ് ബോര്‍ഡ് കഴിഞ്ഞ ഡിസംബറില്‍ നടത്തിയ കണക്കു പ്രകാരം സ്വദേശികള്‍ക്കിടയില്‍ പ്രതിവര്‍ഷമുണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവ് 30000 മുതല്‍ 32000 വരെയാണ്. അതെസമയം സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി വിദേശികളുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പത്ത് വര്‍ഷത്തിനുള്ളില്‍ 1.7 മില്യന്‍ വിദേശികള്‍ വര്‍ധിക്കുമെങ്കിലും അത് കഴിഞ്ഞുപോയ പത്തുവര്‍ഷത്തെ കണക്കുനോക്കുമ്പോള്‍ വളരെ കുറവാണെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.