കുവൈത്തില്‍ പൊതുമാപ്പ് രണ്ടുമാസത്തേക്ക് നീട്ടി

കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് കാലാവധി ഏപ്രില്‍ 22 വെരെ നീട്ടാന്‍ തീരുമാനമായി. ജനുവരി 29 ന് ആരംഭിച്ച പൊതുമാപ്പ് കാലാവധി നാളെ തീരാനിരിക്കെയാണ് തീരുമാനം. രണ്ടുമാസത്തേക്കുകൂടിയാണ് കാലാവധി നീട്ടിയിരിക്കുന്നതെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജറാ അല്‍ സബാഹ് ഉത്തരവിട്ടിരിക്കുന്നത്.

അനധികൃത താമസക്കാരായി ഇവിടെ ഒന്നര ലക്ഷത്തോളം പേരുണ്ടെന്നും എന്നാല്‍ ഇതില്‍ മുപ്പതിനായിരത്തോളം പേര്‍ മാത്രമാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയതെന്നുമാണ് കണക്ക്. കൂടുതല്‍ പേര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാണ് കാലവധി നീട്ടിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മുപ്പതിനായിരത്തോളം ഇന്ത്യക്കാര്‍ അനധികൃതമായി ഇവിടെ തങ്ങുന്നുണ്ട് എന്നാല്‍ ഇതില്‍ പതിനായിരത്തില്‍ താഴെ മാത്രമാണ് ഇത് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോയിട്ടുള്ളതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കാരെ സഹായിക്കാനായി എംബസി ഞായറാഴ്ചകളില്‍ പോലും പ്രവര്‍ത്തിച്ചിരുന്നു.