കുവൈത്തില്‍ റമദാന്‍ മാസത്തെ അവഹേളിച്ചാല്‍ തടവും കനത്ത പിഴയും

കുവൈത്ത് സിറ്റി: രാജ്യത്ത് റമദാന്‍ മാസത്തോട് അനാദരവ് കാണിക്കുന്ന പ്രവൃത്തികള്‍ നടത്തുന്നവര്‍ക്ക് തടവും കനത്ത പിഴയും. പകല്‍ സമയങ്ങളില്‍ പരസ്യമായി ഭക്ഷണം കഴിക്കുന്നവര്‍ 100 ദിനാര്‍ പിഴയും ഒരുമാസത്തെ തടവും അനുഭവിക്കേണ്ടിവരും. നോമ്പ് സമയത്ത് ഭക്ഷണം കഴിക്കാനായി സൗകര്യം ചെയ്തുകൊടുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.

ഈ കാലയളവില്‍ ഭിക്ഷാടനം നടത്തുന്ന വിദേശികളെ വിചാരണയില്ലാതെ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം അറിയിച്ചു.

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇഫ്താറിന് തൊട്ടുമുമ്പുള്ള സമയത്ത് ഗതാഗത തടസ്സമുണ്ടാക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.