കുറ്റിപ്പുറത്ത്‌ വന്‍കഞ്ചാവ്‌ വേട്ട;12 കിലോ കഞ്ചാവുമായി രണ്ട്‌ പേര്‍ പിടിയില്‍

ganja 1കുറ്റിപ്പുറം: 12 കിലോ കഞ്ചാവുമായി 2 പേര്‍ എക്‌സൈസ്‌ പിടിയില്‍. കഞ്ചാാവ്‌ മൊത്തവില്‍പ്പനക്കായി കൊണ്ടുവന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശി കല്ലൂപറമ്പില്‍ സാബു(42), മഞ്ഞപ്പാറ ചക്കാം കുന്നില്‍ സന്തോഷ്‌ എന്നിവരാണ്‌ പിടിയിലായത്‌. എക്‌സൈസ്‌ കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌,മലപ്പുറം എക്‌സൈസ്‌ ഇന്റലിജന്‍സ്‌, കുറ്റിപ്പുറം റെയിഞ്ച്‌ ഓഫീസിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നുനടത്തിയ സംയുക്ത റെയ്‌ഡിലാണ്‌ പ്രതികള്‍ പിടിയിലായത്‌.

കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷന്‌ സമീപത്തെ സബ്‌ റജിസ്‌ട്രാര്‍ ഓഫീസിന്‌ സമീപത്ത്‌ വെച്ച്‌ ഞായറാഴ്‌ച വൈകീട്ടാണ്‌ ഇവര്‍ പിടിയിലാകുന്നത്‌. ആന്ധ്രാപ്രദേശിലെ കുനി എന്ന സ്ഥലത്തു നിന്നാണ്‌ കഞ്ചാവ്‌ എത്തിച്ചതെന്ന്‌ മൊഴിനല്‍കിയിട്ടുണ്ട്‌. കോഴിക്കോട്‌, മലപ്പുറം ജില്ലകളിലേക്കുള്ള കഞ്ചാവ്‌ മൊത്തവിതരണത്തിന്റെ പ്രധാന കണ്ണികളാണ്‌ ഇവര്‍. കുറ്റിപ്പുറം, തിരൂര്‍ ഭാഗത്തേക്ക്‌ മാത്രമായി ഇവര്‍ ഇതിന്‌ മുമ്പ്‌ നാലുതവണ കഞ്ചാവ്‌ എത്തിച്ചിട്ടുണ്ടെന്നും മൊഴിനല്‍കിയിട്ടുണ്ട്‌. കഴിഞ്ഞാഴ്‌ച പാലക്കാടുവെച്ച്‌ ഇവരുടെതന്നെ 6 കിലോ കഞ്ചാവ്‌ എക്‌സൈസും ആര്‍പിഎഫും ചേര്‍ന്നു നടത്തിയ റെയ്‌ഡില്‍ പിടികൂടിയിരുന്നു. അന്നു പ്രതികളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ganjaസമീപകാലത്ത്‌ ജില്ലയില്‍ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന്‌ വേട്ടയാണിത്‌. റെയ്‌ഡില്‍ എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍, എക്‌സൈസ്‌ ഇന്റലിജന്‍സിലെ പ്രിവന്റ്യു ഓഫീസര്‍മാരായ അഭിലാഷ്‌, എസ്‌ ജി സുനില്‍, ജാഫര്‍, കമ്മീഷണര്‍ സ്‌ക്വാഡിലെ ദീപേഷ്‌, ഷിബു ശങ്കര്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ലതീഷ്‌, സുരേഷ്‌ ബാബു, മനോജ്‌, അനീഷ്‌ എന്നിവര്‍ പങ്കെടുത്തു.