കുറ്റിപ്പുറം മിനിപമ്പയില്‍ കുഴി ബോംബ് കണ്ടെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറം മിനിപമ്പയില്‍ കുഴി ബോംബ് കണ്ടെത്തി. ഭാരതപുഴയ്ക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നാണ് ഇന്ത്യന്‍ ആര്‍മി ഉപയോഗിക്കുന്ന അഞ്ച് കുഴി ബോംബുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഉപരണങ്ങള്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ബോംബുകള്‍ ഇവിടെ ചാക്കില്‍കെട്ടിയ നിലയില്‍ വ്യാഴാഴ്ച രാത്രി നാട്ടുകാരില്‍ ചിലര്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പോലീസ് പരിശാേധന നടത്തി.

തുടര്‍ന്ന് വെള്ളിയാഴ്ച തൃശൂര്‍ റേഞ്ച് ഐ.ജി അജിത്ത് കുമാറടക്കമുള്ള ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കുന്നതിനുവേണ്ടി മലപ്പുറം എ ആര്‍ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് രഹസ്യാന്വേഷണ വിഭാഗം എസ് പി ശശികുമാര്‍, തിരൂര്‍ ഡിവൈഎസ്പി പി.ഉല്ലാസ് എന്നിവരും സ്ഥലത്തെത്തി. മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക. മിലിട്ടറി ഉദ്യോഗസ്ഥരും അന്വേഷണത്തിനായി സംഭവ സ്ഥലത്തെത്തും.

ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരും ഇവിടെ എത്തുന്ന ശബരിമല തീര്‍ത്ഥാടകരും ആശങ്കയിലായിരിക്കുകയാണ്.