കുഞ്ചാക്കോ ബോബനൊപ്പം നീരജ് മാധവ് ചുവടു വയ്ക്കുന്നു

6922-Neeraj-Madhavഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ എന്നെ തല്ലേണ്ടമ്മാവ എന്ന ഗാനത്തിന്റെ കൊറിയോഗ്രാഫര്‍ കൂടെയായ നീരജ് മാധവ്, അടുത്ത ചിത്രത്തില്‍ മലയാളത്തിലെ മികച്ച നര്‍ത്തകരില്‍ ഒരാളായ കുഞ്ചാക്കോ ബോബനൊപ്പം ചുവടു വയ്ക്കുന്നു.

മായാബസാര്‍, സില്‍മ നടന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ജമുനാപ്യാരി എന്ന ത്രില്ലറിലാണ് നീരജ് ഡാന്‍സ് ചെയ്യുന്നത്. ഇതൊരു നാടോടി ഗാനമാണെന്നും താന്‍ ചാക്കോച്ചന്റെ കൂടെ കുറച്ച് സ്‌റ്റെപ്പുകള്‍ മാത്രമാണ് അവതരിപ്പിക്കുന്നതെന്നും നീരജ് പറഞ്ഞു.

കടലോര പ്രദേശമായ വൈപ്പിനിലുള്ള ഒരു ‘ഫ്രീക്കന്‍’ കഥാപാത്രത്തെയാണ് നീരജ് അവതരിപ്പിക്കുന്നത്. കൊച്ചി ശൈലിയിലാണ് താന്‍ സംസാരിക്കുന്നത്. ഇത് നാലാം തവണയാണ് നീരജ് കുഞ്ചാക്കോ ബോബനോടൊപ്പം അഭിനയിക്കുന്നത്. തന്റെ നല്ലൊരു സുഹൃത്താണ് ചാക്കോച്ചനെന്നും അദ്ദേഹമാണ് തന്നെ ഈ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചതെന്ന് നീരജ് പറഞ്ഞു.

നൃത്തസംവിധാനം താന്‍ മുഴുവന്‍ സമയ പ്രൊഫഷനായി എടുത്തിട്ടില്ലെന്നും ഏതെങ്കിലും രസകരമായ ഓഫര്‍ ലഭിച്ചാല്‍ അത് ഏറ്റെടുക്കുമെന്നാണ് നീരജ് പറയുന്നത്. കെ.എല്‍.10 പത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ നീരജ് അടുത്തതായി കുഞ്ഞിരാമായണം എന്ന ചിത്രത്തിലും ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്.