കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് 21ന് തുടങ്ങും

കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ഇരുപത്തിനാലാംഘട്ടം 21ന് ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍. എന്‍. ശശി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി 1929 വാക്‌സിനേഷന്‍ സ്‌ക്വാഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 21 ദിവസമാണ് കുത്തിവയ്പ് നടത്തുന്നത്. പ്രതിരോധ കുത്തിവയ്പ് സംബന്ധിച്ച വിവരം കമ്പ്യൂട്ടര്‍ ടാബ് ഉപയോഗിച്ച് സോഫ്റ്റ്‌വെയര്‍ മുഖേന വകുപ്പിന്റെ ഡാറ്റാ ബേസില്‍ അപ്‌ലോഡ് ചെയ്യും. പശുക്കള്‍ക്കും പന്നികള്‍ക്കുമാണ് കുത്തിവയ്‌പെടുക്കുക. വാക്‌സിനേഷനെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിന് ജില്ലാതല ക്രൈസിസ് മാനേജ്‌മെന്റ് ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്. കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനായി സ്‌റ്റേറ്റ് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.