മലപ്പുറത്ത്‌ നിന്ന്‌ ബാംഗ്ലൂരിലേക്ക്‌ കെഎസ്‌ആര്‍ടിസി സര്‍വീസ്‌ തുടങ്ങും

KSRTCമലപ്പുറത്ത്‌ നിന്ന്‌ ബാംഗ്ലൂരിലേക്ക്‌ കെ.എസ്‌.ആര്‍.ടി.സി. അന്തര്‍ സംസ്ഥാന ബസ്‌ സര്‍വീസ്‌ തുടങ്ങുമെന്ന്‌ ഗതാഗത വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. മലപ്പുറം കെ.എസ്‌.ആര്‍.ടി.സി. ബസ്‌സ്റ്റേഷന്‍ കം ഷോപ്പിങ്‌ കോംപ്ലക്‌സിന്റെ നിര്‍മാണോദ്‌ഘാടന പരിപാടിയില്‍ പി.ഉബൈദുള്ള എം.എല്‍.എ. ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മലപ്പുറം കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയുടെ പ്രതിദിന വരുമാനം ഇപ്പോള്‍ അഞ്ചര ലക്ഷമാണ്‌. അത്‌ ആറര ലക്ഷമെന്ന ലക്ഷ്യത്തില്‍ എത്തിക്കാന്‍ ജീവനക്കാര്‍ സഹകരിക്കണം. കെ.എസ്‌.ആര്‍.ടി.സി.യുടെ പ്രതിദിന വരുമാനം അതോടെ ഏഴ്‌ കോടിയോളമാവും. ലാഭവും നഷ്‌ടവുമില്ലാത്ത അവസ്ഥയില്‍ എത്തുന്നതിന്‌ ഇത്‌ സഹായിക്കും.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്‌ ദേശസാത്‌കൃത ബാങ്കുകളില്‍ നിന്ന്‌ കോര്‍പറേഷന്‍ 1300 കോടി വായ്‌പയെടുക്കുന്നുണ്ട്‌. ഇതിന്‌ കരാര്‍ ഒപ്പ്‌ വെക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. പിന്നീട്‌ കെ.എസ്‌.ആര്‍.ടി.സി.ക്ക്‌ പണത്തിനു വേണ്ടി ആരുടെ മുമ്പിലും കൈനീട്ടേണ്ടി വരില്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.