കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ് തകരാറില്‍;നഷ്ടം 12 ലക്ഷം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ് തകരാറായതിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. 17 ാം തിയ്യതി വൈകീട്ടാണ് ഓണ്‍ലൈന്‍ സംവിധാനം തകരാറിലായത്. ഓണാവധി കഴിഞ്ഞ് മടങ്ങുന്നവരാണ് ഏറെ കഷ്ടത്തിലായത്. ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസ്സുകളില്‍ ബുക്കിങ് സീറ്റുകളുടെയും യാത്രക്കാരുടെയും കൃത്യമായ എണ്ണം അറിയാതെയാണ് ബസ്സുകള്‍ സര്‍വ്വീസ് നടത്തിയത്. ഇതെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് 12 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്ക്.

സംഭവം വിവാദമായതോടെ ഓണ്‍ലൈന്‍ സൈറ്റ് പ്രവര്‍ത്തനങ്ങള്‍ കരാറെടുത്തവര്‍ സംഭവത്തെ ഉപകരാറുകാരുടെ പേരില്‍ പഴിചാരാനാണ് ശ്രമിക്കുന്നത്. ഇതെ തുടര്‍ന്ന് ഗതാഗതമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഗതാഗതവകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

കരാറെടുത്ത കെല്‍ട്രോണ്‍ മറ്റു സൊസൈറ്റികള്‍ക്ക് കരാര്‍ കൊടുത്തിരുന്നു എന്നും അവരില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട് എന്നുമാണ് അറിയിച്ചിട്ടുള്ളത്. അവര്‍ മറ്റ് കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയിട്ടുണ്ടോ എന്ന കാര്യം അറിയില്ലെന്നും റിപ്പോര്‍ട്ട് നല്‍കി പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സര്‍വ്വീസ് നടത്തിയതില്‍ വന്‍ നഷ്ടം വന്ന തുക കെല്‍ട്രോണിനോട് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതെസമയം ഓണ്‍ലൈന്‍ സൈറ്റുകള്‍ മനപ്പൂര്‍വ്വം പ്രൈവറ്റ് സര്‍വ്വീസുകളെ സഹായിക്കാന്‍ തകരാറിലാക്കിയതാണെന്നും റിപ്പോര്‍ട്ടുണ്ട്.