കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം; പട്ടാളക്കാരന്‍ അറസ്റ്റില്‍

കൊച്ചി: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വെച്ച് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച പട്ടാളക്കാരന്‍ അറസ്റ്റില്‍. കോട്ടയം പെരുമ്പായികാട് ഇടമറ്റത്ത് പികെ വര്‍ഗീസ് (50) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കോട്ടയത്തു നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസില്‍ വെച്ചാണ് തലയോല പറമ്പ് സ്വദേശിയായ യുവതിയെ ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ സീറ്റിന് തൊട്ട് പിറകിലിരുന്ന വര്‍ഗീസ് യാത്രയിലുടനീളം സീറ്റിനടിയിലൂടെ കയ്യിട്ട് യുവതിയെ ശല്ല്യം ചെയ്തുകൊണ്ടിരുന്നു. ശല്ല്യം സഹിക്കാതെ വന്നതോടെ യുവതി പ്രതികരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് യാത്രക്കാരും ബസ്ജീവനക്കാരും ചേര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.