കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി രജിസ്‌ട്രേഷന് തുടക്കമായി

പ്രവാസി ചിട്ടിയുടെ ഭാഗമാകുന്നവര്‍ 
നവകേരള സൃഷ്ടിയുടെ പങ്കാളികള്‍ ;മുഖ്യമന്ത്രി പിണറായി വിജയന്‍
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഭാഗമാകുന്നവര്‍ നവകേരള സൃഷ്ടിയുടെ പങ്കാളികളാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുയായിരുന് നു അദ്ദേഹം.
നല്ലരീതിയില്‍ നാടിനെ സേവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണിത്. നാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വ്യത്യസ്ത വഴികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കിഫ്ബി ആരംഭിച്ചത്.

കിഫ്ബിക്കകത്ത് പണമെത്തിക്കാന്‍ വിവിധ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രവാസി ചിട്ടിയുമായി കെ.എസ്.എഫ്.ഇ വരുന്നത്. നമ്മുടെ കരുത്ത് പ്രവാസി സഹോദരങ്ങളാണ്. ഇവിടെയുള്ള എല്ലാ കാര്യങ്ങളിലും പ്രതികരിക്കുകയും അവരുടെ പങ്ക് വഹിക്കുകയും ചെയ്യാറുണ്ട്.
പ്രവാസികളില്‍ പലരും അന്നന്നുള്ള അധ്വാനത്തിലൂടെ കുടുംബം പുലര്‍ത്തുന്നവരാണ്. ചെറിയ കാശെങ്കിലും മിച്ചം പിടിക്കുന്നതിന്റെ ഭാഗമായി പലരും ചിട്ടിയില്‍ ചേരാറുണ്ട്. പുതിയ കാലത്തും നല്ല രീതിയില്‍ ചിട്ടി നടത്തുന്ന സംസ്ഥാനത്തെ പ്രധാന ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയില്‍ ചിട്ടിയില്‍ ചേരുന്നത് ലളിതമാണ്. സര്‍ക്കാര്‍ ഗ്യാരന്റിയും ഇന്‍ഷുറന്‍സും ലഭിക്കുമെന്നതും പ്രത്യേകതയാണ്. എവിടെയിരുന്നും ലേലത്തില്‍ പങ്കുകൊള്ളാനും ചിട്ടിപിടിക്കാനും കഴിയും.

നാട്ടുകാരുടെയും സര്‍ക്കാരിന്റെയും സ്വപ്‌നപദ്ധതികള്‍ സാക്ഷാത്കരിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. കിഫ്ബിയുടെ പണം ഉപയോഗിച്ചാണ് തീരദേശ, മലയോര ഹൈവേകള്‍ വരുന്നത്. ഉടന്‍ പണി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത, തിരുവനന്തപുരം-കാസര്‍കോട് റെയില്‍പാതയ്ക്ക് സമാന്തരമായ അതിവേഗ റെയില്‍പാത തുടങ്ങിയവയ്ക്കുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. കേരളവികസനത്തിനുള്ള പ്രധാന സാമ്പത്തിക സ്രോതസാണ് കിഫ്ബിയെന്നും അവിടേക്ക് എത്തിക്കുന്ന പണം തിരിച്ചടയ്ക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ കണ്ടിട്ടുണ്ട്. തങ്ങളുടേതായ പങ്ക് കേരളവികസനത്തില്‍ നിര്‍വഹിക്കാനുള്ള അവസരം വിദേശമലയാളികള്‍ വിനിയോഗിക്കണം. സ്വന്തം സമ്പാദ്യം മിച്ചംവെക്കുന്നതിനൊപ്പം സംസ്ഥാനവികസനവും ഇതിലൂടെ യാഥാര്‍ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ സോഫ്ട്‌വെയറിന്റെയും ഓണ്‍ലൈന്‍ ചിട്ടി രജിസ്‌ട്രേഷന്റെയും ഉദ്ഘാടനം, കെ.എസ്.എഫ്.ഇ പുതിയ ലോഗോ പ്രകാശനം എന്നിവ മുഖ്യമന്ത്രി നിര്‍വഹിച്ചു. പ്രവാസികളായ അഷ്‌റഫ് താമരശ്ശേരി, കെ. നവീന്‍കുമാര്‍ എന്നിവരാണ് ആദ്യ രജിസ്‌ട്രേഷന്‍ നടത്തിയത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രവാസസമൂഹത്തിന്റെ സാധ്യതകള്‍ വിനിയോഗിച്ച് കേരളവികസനത്തിനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത സ്രോതസ്സുകളെ ആഗ്രയിച്ചാണ് കിഫ്ബി ധനസമാഹരണം നടത്തുന്നതെന്നും ഈ ധനകാര്യവര്‍ഷം അവസാനിക്കുമ്പോള്‍ 50,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കുമെന്നും ചടങ്ങില്‍ സ്വാഗതം പറഞ്ഞ ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.എല്‍.എമാരായ കെ.എം.മാണി, സി.കെ. നാണു, കോവൂര്‍ കുഞ്ഞുമോന്‍, പി.സി. ജോര്‍ജ്, കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ്, എം.ഡി എ. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles