കോഴിക്കോട്ട് വനിതാ പഞ്ചായത്ത് അംഗത്തെ ബസ് ജീവനക്കാര്‍ കയ്യേറ്റം ചെയ്തു

ഡ്രൈവറുള്‍ 4 പേര്‍ക്കെതിരെ കേസ്

കോഴിക്കോട് : ബസ് ജീവനക്കാര്‍ നാട്ടുകാരുടെ മുന്നില്‍ വെച്ച് വനിതാ പഞ്ചായത്ത് അംഗത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു.

പെരുമണ്ണ സിറ്റി റൂട്ടില്‍ ഓടുന്ന ഫാത്തിമ ബസിന്റെ ഡ്രൈവര്‍ ജലീല്‍, കണ്ടക്ടര്‍, മറ്റ് രണ്ട് തൊഴിലാളികള്‍ എന്നിവര്‍ക്കെതിരെയാണ് നല്ലളം പോലീസ് കേസെടുത്തിരിക്കുന്നത്.

പെരുമണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം തിങ്കളാഴ്ച വൈകീട്ട് 7 മണിയോടെയാണ് സംഭവം നടന്നത്. ബസ് പിന്നോട്ടെടുക്കുന്നത് കണ്ടിട്ടും നിര്‍ത്തിയിട്ട സ്വന്തം സ്‌കൂട്ടര്‍ മാറ്റാന്‍ സെമീറ തയ്യാറായില്ലെന്ന് ആരോപിച്ച് ബസ് ജീവക്കാര്‍ തട്ടികയറുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ സെമീറയെ പിടിച്ച് തള്ളുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

സ്ത്രീയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, മാനഹാനിപ്പെടുത്തി, അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച പെരുമണ്ണ സിറ്റി റൂട്ടില്‍ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി.